മെസിയെ വാങ്ങാന്‍ ഇന്റര്‍ മിലാന് സാധിക്കും, വെളിപ്പെടുത്തലുമായി മുന്‍ പ്രസിഡന്റ്‌

ബയേണുമായി വമ്പൻ തോൽവി രുചിച്ചതോടെ സൂപ്പർ താരം ലയണൽ മെസി ബാഴ്‌സ വിടുമോയെന്ന ആശങ്കകൾ വീണ്ടും ഉയർന്നിരിക്കുകകയാണ്. മെസി ഇന്റർ മിലാനിലേക്ക് ചേക്കേറുമെന്നാണ് ഏറ്റവും കൂടുതൽ ഉയർന്നുകേട്ട അഭ്യുഹങ്ങളിലൊന്ന്.

എന്നാൽ ഇതിനോട് തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് മുൻ ഇന്റർമിലാൻ പ്രസിഡന്റ്‌ മാസ്സിമോ മൊറാട്ടി. മെസ്സിയെ ടീമിലെത്തിക്കാനുള്ള കെൽപ്പും സാമ്പത്തികശേഷിയും ഇന്റർ മിലാന് ഉണ്ടെന്നാണ് ഇദ്ദേഹത്തിന്റെ അറിയിപ്പ്. നിലവിലെ ഉടമസ്ഥരായ സുനിങ് ഹോൾഡിങ്‌സിന് അതിനു സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

” നിലവിൽ ഞാൻ കേവലം ഒരു ഇന്റർമിലാൻ ആരാധകൻ മാത്രമാണ്. എനിക്ക് ക്ലബിന്റെ അകത്തുള്ള വിവരങ്ങൾ ഒന്നും തന്നെ അറിയില്ല. പക്ഷെ മെസ്സിയെ ക്ലബിലെത്തിക്കാനുള്ള എല്ലാ വിധ ശേഷിയും സുനിങ്‌സിനുണ്ട് എന്നുള്ളത് എനിക്കറിയാവുന്ന കാര്യമാണ് ” ക്വോടിഡിയാനോ സ്പോർട്ടിവോക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം ഇന്റർ മിലാൻ താരം റൊമേലു ലുക്കാക്കുവിനെ താൻ വിലകുറച്ചു കണ്ടു എന്നുള്ളത് അദ്ദേഹം സമ്മതിക്കുകയുണ്ടായി. താൻ കരുതിയതിനെക്കാളേറെ മികച്ച താരമാണ് അദ്ദേഹമെന്നും അദ്ദേഹമിപ്പോൾ ഒരു ജേതാവിനെ പോലെയാണ് കളിക്കുന്നതെന്നും മൊറാട്ടി അഭിപ്രായപ്പെട്ടു. ബാഴ്സയുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ മെസ്സി ക്ലബ് വിടാനുള്ള സാധ്യത പല ഫുട്ബോൾ നിരീക്ഷകരും കാണുന്നുണ്ട്.

You Might Also Like