റയലിനു വെല്ലുവിളിയായി വമ്പന്മാർ രംഗത്ത്, ലക്ഷ്യമിടുന്ന സൂപ്പർതാരങ്ങൾക്കായി വൻ മത്സരം

ഇത്തവണത്തെ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡ്‌ താരങ്ങളെ വാങ്ങില്ലെന്ന് റയൽ മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ അടുത്ത ട്രാൻസ്ഫറിൽ റയൽ തീർച്ചയായും പണമൊഴുക്കി താരങ്ങളെ സ്വന്തമാക്കിയേക്കും. പിഎസ്ജി സൂപ്പർതാരം എംബാപ്പെ, റെന്നസിന്റെ യുവവാഗ്ദാനം കാമവിങ്ക, ലൈപ്സിഗ് പ്രതിരോധതാരം ഉപമെക്കാനോ എന്നിവരെയാണ് റയലിന്റെ ലക്ഷ്യങ്ങൾ.

എന്നാൽ അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ തരങ്ങളെയെത്തിക്കുകയെന്നത് റയലിന് അത്ര എളുപ്പമാവില്ല. പിഎസ്ജി വിടണമെന്ന ആവിശ്യം ഉന്നയിച്ച എംബാപ്പെയുടെ കാര്യത്തിലേക്ക് വന്നാൽ റയലിന് ശക്തമായ വെല്ലുവിളി ഉയർത്തി ലിവർപൂൾ രംഗത്തെത്തിയിട്ടുണ്ട്. ലിവർപൂളിനോടുള്ള എംബാപ്പെയുടെ താത്പര്യം മനസിലാക്കിയ ക്ളോപ്പ്‌ താരത്തിനായി ശ്രമിച്ചേക്കും.

ഫ്രഞ്ച് യുവവാഗ്ദാനം കാമവിങ്കയുടെ കാര്യത്തിലും വലിയ മാറ്റമില്ല. പതിനേഴു വയസ്സുള്ള കാമവിങ്ക ഫ്രഞ്ച് ക്ലബായ റെന്നസിനു വേണ്ടിയാണു കളിക്കുന്നത്. ഇത്തവണത്തെ ട്രാൻസ്ഫറിൽ റയൽ നോട്ടമിട്ടിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധി മൂലം പിന്മാറുകയായിരുന്നു. അടുത്ത സീസണിൽ റയൽ മാഡ്രിഡിന് ശക്തമായ വെല്ലുവിളി ഉയർത്തി പിഎസ്ജി, യുവന്റസ്, ബയേൺ മ്യൂണിക്ക് എന്നിവർ സജീവമായി താരത്തിനു പിറകിലുണ്ട്. പിഎസ്ജിയിലേക്കായിരിക്കും താരം അധികവും ചേക്കേറാൻ സാധ്യത കാണുന്നത്.

ഉപമെക്കാനോയുടെ കാര്യവും വ്യത്യസ്തമല്ല. ഉപമെക്കാനോക്കായി രംഗത്തെത്തിയിരിക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്. യുണൈറ്റഡിനെ കൂടാതെ മാഞ്ചസ്റ്റർ സിറ്റി, ബയേൺ, പിഎസ്ജി എന്നിവരും ഉപമെക്കാനോക്ക് വേണ്ടി മത്സരിച്ചേക്കും. യഥാർഥ്യമെന്തെന്നാൽ റയൽ നോട്ടമിട്ടിരിക്കുന്ന മൂന്ന് സൂപ്പർതാരങ്ങളെയും സ്വന്തമാക്കണമെങ്കിൽ വമ്പന്മാരെ തന്നെ അതിജീവിക്കേണ്ടി വരും.

You Might Also Like