കുഴഞ്ഞുവീണ എറിക്സൻ അപകടനില തരണം ചെയ്തു, ഡെൻമാർക്ക്‌- ഫിൻലാൻഡ് മത്സരം പുനരാരംഭിച്ചു

ഫിൻലാൻഡിനെതിരായ യൂറോ കപ്പ് മത്സരത്തിനിടെ മൈതാനത്തു ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീണ ഡെന്മാർക്ക് സൂപ്പർതാരം ക്രിസ്റ്റ്യൻ എറിക്സന്റെ ആരോഗ്യ നില തൃപ്തികരമെന്നു റിപ്പോർട്ടുകൾ‌. എറിക്സന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായും യുവേഫ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച സംഭവം അരങ്ങേറുന്നത്. സഹതാരത്തിന്റെ ത്രോബോൾ സ്വീകരിക്കുന്നതിനിടെ എറിക്സൻ മൈതാനത്തു കുഴഞ്ഞു വീഴുകയായിരുന്നു‌. ഉടൻ തന്നെ റഫറി ആന്തണി ടെയ്ലർ മത്സരം നിർത്തിവെക്കുകയും മെഡിക്കൽ സംഘത്തിന്റെ സഹായം തേടുകയായിരുന്നു‌. അടിയന്തര ചികിത്സക്ക് ശേഷം താരത്തെ ആശുപത്രിയിയിലേക്ക് മാറ്റുകയായിരുന്നു.

താരത്തിനു ബോധം തിരിച്ചു കിട്ടിയെന്നും കൂടുതൽ ചികിത്സകൾ നൽകുമെന്നും ഡാനിഷ് എഫ്എ ഔദ്യോഗികമായി അറിയിച്ചു. താരം അപകടനില തരണം ചെയ്തതോടെ മത്സരം പുനരാരംഭിക്കുമെന്നും യുവേഫ അറിയിച്ചിരിക്കുകയാണ്.

ഇരുടീമിലെയും താരങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് മത്സരം പുനരാരംഭിക്കാൻ യുവേഫ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഈ മത്സരത്തിനു ശേഷം നടക്കാനിരിക്കുന്ന ബെൽജിയം-റഷ്യ മത്സരം കൃത്യസമയത്ത് നടക്കുമെന്നും യുവേഫ അറിയിച്ചു.

You Might Also Like