അര്‍ജന്റീനയുടെ തലവരമാറ്റിയ ആശാന്‍; പതിവ് രീതിയെ പൊളിച്ചെഴുതിയ സ്‌കലോണിയന്‍ തന്ത്രങ്ങള്‍

ദോഹ: ലോകഫുട്‌ബോളിലെ എക്കാലത്തേയും മികച്ചതാരമായിട്ടും ലയണല്‍മെസിയ്ക്ക് പൂവണിയാത്തതായി ഒരുസ്വപ്‌നമുണ്ട്… 2014ല്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ ലോകകപ്പ് കിരീടം. 2014ല്‍ നിന്ന് 2022ല്‍ വീണ്ടുമൊരു ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ മെസിയും സംഘവും ഒരുങ്ങുമ്പോള്‍ അന്നത്തേയും ഇന്നത്തേയും ടീമില്‍ അടിമുടിമാറ്റമാണുള്ളത്. ഇതിന് കാരണക്കാരന്‍ ലയണല്‍ സ്‌കലോണിയെന്ന പരിശീലകനാണ്.

മെസിയെ തളച്ചാല്‍ അര്‍ജന്റീനയെ വീഴ്ത്താമെന്ന പൊതുരീതി മാറ്റിയെഴുതിയതാണ് ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയത്തിനാധാരം. സൂപ്പര്‍താരത്തിനുള്ള പ്രാധാന്യം കുറയ്ക്കാതെ ബോക്‌സിനരികിലായി കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയും മധ്യനിരയില്‍ റോഡ്രിഗോ ഡി പോളിന് നിര്‍ണായകസ്ഥാനം നല്‍കിയും 44കാരന്‍ നീലപടയുടെ കളിശൈലി മാറ്റിയെഴുതി. മെസി അഞ്ച് ഗോളുമായി ഗോള്‍വേട്ടക്കാരില്‍ മുന്നിലെത്തിയത് ഇതിന്റെ റിസല്‍ട്ടായി കണക്കാക്കാം. ഡീപോള്‍ മധ്യനിരയിലെ നീലപടയുടെ എഞ്ചിനായി ഓരോകളിയിലും മികവ് തുടരുകയും ചെയ്യുന്നു.


ഡിപോളിനൊപ്പം മധ്യനിരയിലെ പ്രധാനിയായിരുന്ന ജിയോവാനി ലൊസെല്‍സോ പരിക്കുമൂലം ലോകകപ്പ് ടീമില്‍നിന്ന് പുറത്തായിട്ടും പകരംതാരങ്ങളെ അണിനിരത്തി. ജൂലിയന്‍ അല്‍വാരെസ്, ലിയാന്‍ഡ്രോ പരദെസ്, മക് അലിസ്റ്റര്‍, എണ്‍സോ ഫെര്‍ണാണ്ടസ് എന്നിവരെ ടീമിന് ആവശ്യമുള്ളപ്പോഴൊക്കെ കൃത്യമായി ഉപയോഗപ്പെടുത്തിയാണ് സ്‌കലോണിയുടെ നേതൃത്വത്തില്‍ അര്‍ജന്റീനയുടെ കുതിപ്പ്. പഴയപടകുതിര എയ്ഞ്ചല്‍ ഡി മരയിയെ ആവശ്യമുള്ളപ്പോള്‍ എതിര്‍ഗോള്‍മുഖത്തേക്ക് ഇറക്കിവിടുകയും ചെയ്യുന്നു. പ്രതിരോധത്തില്‍ ഒട്ടമെന്‍ഡിക്കൊപ്പം യുവതാരം ക്രിസ്റ്റ്യന്‍ റൊമേറോയുടെ സാന്നിധ്യവും ടീമിന് കരുത്താണ്.

സൗദിഅറേബ്യക്കെതിരെ തീര്‍ത്തുംനിറംമങ്ങിയ ക്രിസ്റ്റന്‍ റൊമേറോയ്ക്ക് ആത്മവിശ്വാസം നല്‍കി ടീമിന്റെ അവിഭാജ്യതാരമാക്കി മാറ്റിയെടു്ത്തതും കോച്ചിന്റെനേട്ടമാണ്. ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ അസാമാന്യ പ്രകടനവും മുതല്‍ക്കൂട്ടാണ്.

മുന്‍ കോച്ച് ഹോര്‍ജെ സാമ്പവോളിയുടെ സംഘത്തിലെ പ്രധാനിയായിരുന്നു സ്‌കലോണി. 2018 ലോകകപ്പില്‍ ഫ്രാന്‍സിനോട് പ്രീക്വാര്‍ട്ടറില്‍ തോറ്റതോടെ സാമ്പവോളി രാജിവെച്ചതോടെ സഹപരിശീലകരായ സ്‌കലോണിയെയും പാബ്ലോ ഐമറെയും താല്‍ക്കാലിക ചുമതലയേല്‍പ്പിക്കുകയായിരുന്നു. തുടക്കം മികച്ചതായിരുന്നില്ല. എന്നാല്‍ ഫൈറ്റിംഗ് ടീമായി, കോപ്പ അമേരിക്ക കിരീടംനേടിയെടുക്കുന്ന സംഘമായി വളര്‍ത്തിയെടുക്കുന്നതില്‍ സ്‌കലോണിയുടെ നിലക്കാത്ത ചുവടുകളുണ്ട്. 2019 സെമിയില്‍ ബ്രസീലിനോട് കീഴടങ്ങിയശേഷം 36 കളികളില്‍ തോല്‍വിയറിയാതെയാണ് ഖത്തറിലെത്തിയത്. ഇതിനിടെ 28 വര്‍ഷത്തെ കിരീടവരള്‍ച്ച അവസാനിപ്പിച്ച് 2021ലെ കോപ്പ അമേരിക്കയും നേടി. ഇറ്റലിയെ വീഴ്ത്തി ഫൈനലിസിമ ട്രോഫിയിലും മുത്തമിട്ടു.

 

 

You Might Also Like