ഈ തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ട്, ആഞ്ഞടിച്ച് ടിറ്റെ

ഖത്തര്‍ ലോകകപ്പില്‍ കാമറൂണിനെതിരായ തോല്‍വി നിരാശപ്പെടുത്തുന്നതാണെന്ന് ബ്രസീല്‍ കോച്ച് ടിറ്റെ . ജയത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുള്ളതുപോലെ പരാജയത്തിലും എല്ലാവര്‍ക്കും പങ്കുണ്ട്. തോല്‍വിയില്‍ നിന്ന് തിരിച്ചുവരാനുള്ള സാധ്യതകള്‍ ബ്രസീല്‍ പ്രയോചനപ്പെടുത്തണം. കഴിഞ്ഞ മത്സരങ്ങളില്‍ നിരവധി അവസരങ്ങളാണ് ബ്രസീലിന് ലഭിച്ചത്.അവസരങ്ങള്‍ ഗോളാക്കി മാറ്റണമെന്ന പാഠവും കഴിഞ്ഞമത്സത്തില്‍ പഠിച്ചെന്ന് പരിശീലകന്‍ പറഞ്ഞു.


ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കാമറൂണ്‍ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ അട്ടിമറിച്ചിരുന്നു. ഒന്‍പത് മാറ്റങ്ങളുമായി ഇറങ്ങിയ കാനറികള്‍ പ്രതിരോധത്തിലും മുന്നേറ്റത്തിലുമെല്ലാം യുവതാരങ്ങള്‍ക്ക് അവസരം നല്‍കി. ഗോള്‍കീപ്പറായ അലിസന്‍ബെക്കറിനും വിശ്രമംനല്‍കി. ഇതോടെ മധ്യനിരയില്‍ മികച്ച നീക്കങ്ങള്‍ നടത്താന്‍ ടീമിനായില്ല.

മാര്‍ട്ടിനലിയുടേയും ആന്റണിയുടേയും ഒറ്റപ്പെട്ട നീക്കങ്ങള്‍മാത്രമാണ് എടുത്തുപറയാനുള്ളത്. മികച്ച സേവുകളുമായി കാമറൂണ്‍ഗോളി എപ്പസിയും കൈയടിനേടി. എന്നാല്‍ രണ്ടാംപകുതിയില്‍ മുന്നേറ്റത്തില്‍ ബ്രൂണോയേയും റാഫിഞ്ഞോയേയും പെഡ്രോയേയും എവര്‍ട്ടണേയും കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല. ഫിനിഷിംഗിലെ പോരായ്മകള്‍ രണ്ടാംമത്സരത്തിലും ടീമിന് തിരിച്ചടിയായി. വേഗത്തിലുള്ള കൗണ്ടര്‍ അറ്റാക്കിലൂടെ പലപ്പോഴും ബ്രസീല്‍ പ്രതിരോധത്തെ വിറപ്പിച്ച് ആഫ്രിക്കന്‍ടീമും കളത്തില്‍നിറഞ്ഞു. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് കാമറൂണ്‍ ക്യാപ്റ്റന്‍ വിന്‍സെന്റ് അബൂബക്കറിന്റെ ഹെഡ്ഡര്‍ഗോള്‍ മത്സരത്തിന്റെ വിധിയെഴുതി.


കാമറൂണിനെതിരായ അപ്രതീക്ഷിത തോല്‍വിക്കിടെയും സൂപ്പര്‍ താരം നെയ്മര്‍ പരിക്കില്‍ നിന്ന് മുക്തനായത് ബ്രസീലിന് ആശ്വാസമാണ്. ആദ്യ മത്സരത്തിനിടെ കാലിന് പരിക്കേറ്റ നെയ്മര്‍ ഇന്നലെ സഹതാരങ്ങള്‍ക്ക് പിന്തുണയുമായി ലുസൈല്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു.

നെയ്മറിന് പ്രീക്വാര്‍ട്ടര്‍ നഷ്ടമാവുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താരം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. നോക്കൗട്ട് മത്സരങ്ങളില്‍ താരത്തിന്റേ സേവനം ടീമിന് ലഭിക്കും. സ്വിറ്റ്‌സര്‍ലാന്‍ഡ്,കാമറൂണ്‍ ടീമുകള്‍ക്കെതിരെ നെയ്മറിന്റെ അസാന്നിധ്യം ബ്രസീല്‍നിരയില്‍ നിഴലിച്ചിരുന്നു. പകരമിറങ്ങിയ താരങ്ങള്‍ക്ക് മിഡ്ഫീല്‍ഡില്‍ കളിയുടെ നിയന്ത്രണമേറ്റെടുക്കാന്‍ പലപ്പോഴുമായില്ല. തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയ്ക്ക് തെക്കന്‍ കൊറിയക്കെതിരെയാണ് ബ്രസീലിന്റെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം.

You Might Also Like