ഫുട്ബോൾ മൈതാനത്ത് കയ്യാങ്കളി നടത്തിയ ബാഴ്‌സലോണ, അത്ലറ്റികോ മാഡ്രിഡ് താരങ്ങൾക്കെതിരെ ശിക്ഷാനടപടി

വളരെ നിർണായകമായൊരു മത്സരമായിരുന്നു ബാഴ്‌സലോണയും അത്ലറ്റികോ മാഡ്രിഡും തമ്മിൽ നടന്ന കഴിഞ്ഞ ലീഗ് പോരാട്ടം. മത്സരത്തിൽ ഒസ്മാനെ ഡെംബലെ നേടിയ ഒരു ഗോളിൽ ബാഴ്‌സലോണ വിജയം നേടുകയും റയൽ മാഡ്രിഡിനെ മറികടന്ന് ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് വരികയും ചെയ്‌തു. എന്നാൽ ബാഴ്‌സലോണയുടെ വിജയത്തേക്കാൾ മത്സരം ശ്രദ്ധിക്കപ്പെട്ടത് രണ്ടു ക്ലബുകളുടെയും താരങ്ങൾ തമ്മിലുള്ള ഗുസ്തി മത്സരം കൊണ്ടാണ്.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിലായിരുന്നു ബാഴ്‌സലോണ മുന്നേറ്റനിര താരമായത് ഫെറൻ ടോറസും അത്ലറ്റികോ മാഡ്രിഡ് പ്രതിരോധതാരം സ്റ്റീവൻ സാവിച്ചും തമ്മിൽ ഗംഭീര പോരാട്ടം നടന്നത്. പന്തിനായി സമ്മർദ്ദം ചെലുത്തുന്നതിനിടെ സാവിച്ചിന്റെ ദേഹത്തുകൂടി വീണ ഫെറൻ ടോറസിനോട് അൽപ്പം പരുഷമായാണ് സാവിച്ച് പെരുമാറിയത്. അതേപോലെ ഫെറൻ ടോറസും പ്രതികരിച്ചതോടെ അതൊരു കയ്യാങ്കളിയായി മാറുകയായിരുന്നു.

പ്രൊഫെഷണൽ ഫുട്ബോളിൽ ഫൗളുണ്ടാകുന്നതും അതിന്റെ പേരിൽ താരങ്ങൾ തമ്മിൽ ചെറിയ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാകുന്നതും സ്വാഭാവികമായ കാര്യമാണ്. എന്നാൽ ഇവർ തമ്മിലുണ്ടായ കയ്യാങ്കളി അതിന്റെ പരിധികൾ ലംഘിക്കുന്ന തരത്തിലായിരുന്നു. രണ്ടു താരങ്ങളെയും റഫറി ചുവപ്പുകാർഡ് നൽകി പുറത്താക്കുകയും ചെയ്‌തു. ഇതിനു പിന്നാലെ ഇവർക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകളും വന്നിരുന്നു.

മത്സരം നിയന്ത്രിച്ച റഫറിയുടെ റിപ്പോർട്ടുകൾ പരിശോധിച്ച് രണ്ടു താരങ്ങൾക്കും അടുത്ത രണ്ടു മത്സരങ്ങളിൽ വിലക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫെറാനും റെഡ് കാർഡ് ലഭിച്ചതോടെ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ മൂന്നു ബാഴ്‌സലോണ താരങ്ങൾ റെഡ് കാർഡ് നേടി പുറത്തായി. ഇതിനു മുൻപ് നടന്ന മത്സരങ്ങളിൽ റോബർട്ട് ലെവൻഡോസ്‌കി, ജോർദി ആൽബ എന്നീ കളിക്കാരാണ് റെഡ് കാർഡ് ലഭിച്ചത്.

അതേസമയം ചുവപ്പുകാർഡ് ലഭിച്ച ഫെറൻ ടോറസിന് ഗെറ്റാഫെ, ജിറോണ എന്നീ ടീമുകൾക്ക് എതിരെയുള്ള ലീഗ് മത്സരങ്ങൾ നഷ്‌ടമാകും. സ്‌പാനിഷ്‌ സൂപ്പർകപ്പിൽ റയൽ ബെറ്റിസിനെതിരെ നടക്കുന്ന സെമി ഫൈനൽ മത്സരവും അതിൽ വിജയിച്ചാൽ ഫൈനലും താരത്തിന് കളിക്കാൻ കഴിയും. സൗദിയിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്.

You Might Also Like