ജര്‍മ്മന്‍ താരം ബ്ലാസ്‌റ്റേഴ്‌സിലേക്ക്, വെളിപ്പെടുത്തലുമായി പോളിഷ് മാധ്യമങ്ങള്‍

പോളിഷ് ലീഗില്‍ കളിക്കുന്ന റോള്‍കോ ചെസ്‌തോചോവ ക്ലബ് താരം ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരുന്നതായി വാര്‍ത്തകള്‍. ജര്‍മ്മന്‍ അണ്ടര്‍ 20 ടീമില്‍ കളിച്ച മുന്നേറ്റ നിര താരം ഫെലീസിയോ ബ്രൗണ്‍ ആണ് ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നതായാണ് റിപ്പോര്‍ട്ട്.
പോളിണ്ടിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ലൂക്കാസ് ഓള്‍കോവിച്ചിനെ ഉദ്ദരിച്ചാണ് ബ്രൗണ്‍ ബ്ലാസറ്റേഴ്‌സിലേക്കെന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോസറ്റോറിക്ക ദേശീയ ടീമില്‍ കളിച്ചിട്ടുളള താരമാണ് ഫെലീസിയോ ബ്രൗണ്‍.
28 വയസ് മാത്രമുളള ബ്രൗണ്‍ പോളിഷ് ലീഗിലെ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമാണ്. റോള്‍കോ ചെസ്‌തോചോവയ്ക്കായി 21 മത്സരങ്ങള്‍ ബൂട്ടുകെട്ടിയ താരം ഒന്‍പത് ഗോളും നേടിയിരുന്നു. ഇരുവിംഗിലും കളിക്കാന്‍ കെല്‍പുളള താരമാണ് ബ്രൗണ്‍.
നേരത്ത ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂനയും സഹപരിശീലകന്‍ ടോമസും പോളിഷ് ലീഗില്‍ കളിക്കുന്ന ഒരു താരം ബ്ലാസ്‌റ്റേഴ്‌സിലെത്തുമെന്ന് നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ആ താരമാണോ ബ്രൗണ്‍ എന്ന ആകാംക്ഷയിലാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍.
ജര്‍മ്മന്‍ അണ്ടര്‍ 20, 19 ടീമുകളില്‍ ബ്രൗണ്‍ കളിച്ചിട്ടുണ്ട്. യൂറോപ്പിലെ നിരവധി ക്ലബുകളില്‍ ബൂട്ടുകെട്ടിയിട്ടുളള താരം കോസ്റ്റാറിക്കയ്ക്കായി ഒരു മത്സരമാണ് കളിച്ചിട്ടുളളത്.