വരവറിയിച്ച് ഇഷാനും അംഗുളോയും, ജംഷഡ്പൂരിനെ തകര്‍ത്ത് എഫ്‌സി ഗോവ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിന് മുന്നോടിയായി നടന്ന പ്രീസീസണ്‍ പോരാട്ടത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ തകര്‍ത്ത് എഫ്‌സി ഗോവ. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ജംഷഡ്പൂരിനെ എഫ്‌സി ഗോവ തോല്‍പിച്ചത്. ഇരുക്ലബിനുമായി ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം വിദേശ താരങ്ങളും കളത്തിലിറങ്ങി.

ഗോവയ്ക്കായി സ്പാനിഷ് താരം ഇംഗര്‍ അംഗുളോയും സ്പാനിഷ് ക്ലബുകളില്‍ കളിച്ച് പരിചയമുളള ഇഷാന്‍ പണ്ഡിതയും ഇന്ത്യന്‍ താരം ലെന്‍ ഡന്‍ഗലും ഗോളുകള്‍ നേടി. ജംഷ്പൂരിനായി സ്പാനിഷ് താരം ഡേവിഡ് ഗ്രാന്‍ഡേയും ഇന്ത്യന്‍ താരം മുബാഷിര്‍ റഹ്മാനുമാണ് വലകുലുക്കിയത്.

അവസാന മിനിറ്റിലാണ് ഇഷാന്‍ പണ്ഡിത ഗോവയുടെ വിജയ ഗോള്‍ നേടിയത്. ഇതോടെ പ്രീസീസണില്‍ മികച്ച മുന്നൊരുക്കമാണ് ഗോവയ്ക്ക് ലഭിച്ചിരിക്കുന്നത്. ജംഷഡ്പൂരും മോശമല്ലാത്ത പ്രകടനമാണ് കാഴ്ച്ചവെച്ചത്.

നേരത്തെ കേരള ബ്ലാസ്‌റ്റേഴ്‌സും രണ്ട് പ്രീസീസണ്‍ മത്സരങ്ങള്‍ കളിച്ചിരുന്നു. ആദ്യ മത്സരത്തില്‍ കെപി രാഹുലിന്റെ ഇരട്ട ഗോള്‍ മികവില്‍ ഹൈദരാബാദ് എഫ്‌സി തോല്‍പിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റിയെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കി.

നവംബര്‍ 20ന് ആണ് ഐഎസ്എല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. അതിന് മുന്നോടിയായിട്ടാണ് ടീമുകള്‍ പരസ്പരം പ്രീസീസണ്‍ മത്സരങ്ങള്‍ കളിക്കുന്നത്.

You Might Also Like