ബ്ലാസ്‌റ്റേഴ്‌സില്‍ ഗോളടിച്ച് കൂട്ടുമെന്ന് വിചാരിച്ച താരം ക്ലബ് വിട്ടു, റാഞ്ചിയത് ബംഗളൂരു ക്ലബ്
കേരള ബ്ലാസ്‌റ്റേഴ്‌സ് സീനിയര്‍ ടീമിലേക്കുളള വിളിയ്ക്ക് കാത്തിരിക്കാതെ ഗോവന്‍ താരം റൊണാള്‍ഡോ ഒലിവെയ്ര ക്ലബ് വിട്ടു. ഐലീഗ് സെക്കന്‍ ഡിവിഷന്‍ ക്ലബായ എഫ്‌സി ബംഗളൂരു യുണൈറ്റഡാണ് റൊണാള്‍ഡോയെ സ്വന്തമാക്കിയത്. ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ അവസാനിച്ചതിന് പിന്നാലെയാണ് റൊണാള്‍ഡോ പുതിയ ക്ലബിലേക്ക് ചേക്കേറിയത്.
ബ്ലാസ്റ്റേഴ്സിന്റെ സീനിയര്‍ ടീമിലേക്ക് ഈ സീസണിലും അവസരം ലഭിക്കില്ലെന്ന് വ്യക്തമായതോടെയാമ് 22കാരന്‍ മറ്റ് അവസരങ്ങള്‍ തേടിയത്. ബ്ലാസ്റ്റേഴ്സ് റൊണാള്‍ഡോയെ തിരിച്ച് ടീമിലെത്തിക്കാന്‍ ശ്രമം നടത്തുമോയെന്ന കാര്യം വ്യക്തമല്ല.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഈസ്റ്റ് ബംഗാളില്‍ നിന്നാണ് റൊണാള്‍ഡോ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയത്. കഴിഞ്ഞ ഐ ലീഗ് സീസണില്‍ നാല് മത്സരങ്ങള്‍ ഈസ്റ്റ് ബംഗാളിന് വേണ്ടി റൊണാള്‍ഡോ കളിച്ചിരുന്നു.
കഴിഞ്ഞ രണ്ടാം ഡിവിഷന്‍ ഐ ലീഗില്‍ ബ്ലാസ്റ്റേഴ്സിനായി അഞ്ച് മത്സരങ്ങള്‍ ഈ 22കാരന്‍ ആദ്യ പതിനൊന്നില്‍ ഉണ്ടായിരുന്നു. ബംഗളൂരു ഫ്.സി ബി ക്കെതിരെ നേടിയ ഇരട്ട ഗോള്‍ ഉള്‍പ്പെടെ 4 ഗോളുകള്‍ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നേടി.
കഴിഞ്ഞ സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ഗോവയുടെ ടീമില്‍ അംഗമാകാന്‍ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞു. ടൂര്‍ണമെന്റില്‍ ഗോവ സെമി ഫൈനല്‍ വരെ എത്തിയിരുന്നു. സെമിയില്‍ ഗോവ പഞ്ചാബിനോട് തോറ്റപ്പോഴും റൊണാള്‍ഡോ ഒരു ഗോള്‍ സ്വന്തമാകിയിരുന്നു.
വേഗതയും മികച്ച കായിക ശേഷിയും സ്വന്തമായുള്ള യുവതാരമാണ് റൊണാള്‍ഡോ. കൗണ്ടര്‍ അറ്റാക്ക് നടത്തി മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ റോണോയ്ക്ക് എളുപ്പം കഴിയും. ഒരു എതിര്‍ കളിക്കാരനെ ഒറ്റയ്ക്ക് നേരിടുമ്പോള്‍ മേല്‍ക്കോയ്മ പുലര്‍ത്താന്‍ അദ്ദേഹത്തിന് പലപ്പോഴും സാധിച്ചിട്ടുണ്ട്.