ഇത്രയൊക്കെ ചെയ്‌തിട്ടും വിനീഷ്യസിന് ചുവപ്പുകാർഡില്ലേ? എൽ ക്ലാസിക്കോക്ക് ശേഷം ആരാധകരുടെ ചോദ്യം

പ്രധാന താരങ്ങളിൽ പലരും പരിക്കേറ്റു പുറത്തിരുന്ന ബാഴ്‌സലോണ എൽ ക്ലാസിക്കോ മത്സരത്തിൽ നിഷ്പ്രയാസം റയൽ മാഡ്രിഡിന് മുന്നിൽ കീഴടങ്ങുമെന്നാണ് ഏവരും കരുതിയിരുന്നതെങ്കിലും അതല്ല സംഭവിച്ചത്. റയൽ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയ ബാഴ്‌സലോണക്ക് സ്വന്തം മൈതാനത്ത് നടക്കുന്ന രണ്ടാംപാദ മത്സരത്തിന് കൂടുതൽ ആത്മവിശ്വാസം ലഭിച്ചിട്ടുണ്ട്.

ഇന്നലെ നടന്ന മത്സരത്തിൽ സാധാരണയിൽ നിന്നും വ്യത്യസ്‌തമായി കൂടുതൽ പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് ബാഴ്‌സലോണ കളിച്ചത്. റയൽ മാഡ്രിഡ് താരങ്ങളെ കൃത്യമായി പൂട്ടിയ ബാഴ്‌സലോണ കിട്ടിയ അവസരം മുതലെടുത്ത് ഗോൾ നേടുകയും ചെയ്‌തു. ആക്രമണങ്ങൾ നടത്തിയെങ്കിലും അതൊന്നും ഫലം കാണാതെ വന്നതിൽ റയൽ മാഡ്രിഡ് താരങ്ങൾ അസ്വസ്ഥരാവുകയും ചെയ്‌തിരുന്നു.

അതേസമയം മത്സരത്തിൽ വിനീഷ്യസ് ജൂനിയർ ചുവപ്പു കാർഡ് വാങ്ങുന്നതിൽ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ ഉയരുന്നത്. റയൽ മാഡ്രിഡിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ വിനീഷ്യസിനെ ഇന്നലെ അറോഹോ പൂട്ടിയിരുന്നു. അതിനിടയിൽ ഒരു മഞ്ഞക്കാർഡ് വാങ്ങിയ താരം നടത്തിയ പ്രതികരണമാണ് ചർച്ചകൾ ഉയരാൻ കാരണം.

പന്തുമായി മുന്നോട്ടു കുതിച്ച ഫ്രാങ്കീ ഡി ജോങിനെ കഴുത്തിൽ പിടിച്ച് വലിച്ചിട്ടതാണ് റഫറി മഞ്ഞക്കാർഡ് നൽകാൻ കാരണം. എന്നാൽ കാർഡ് കിട്ടിയ താരം അതിനോട് രൂക്ഷമായാണ് പ്രതികരിച്ചത്. റഫറിയുടെ മുഖത്ത് നോക്കി ആക്രോശിച്ച ബ്രസീലിയൻ ഫോർവേഡ് സകല പരിധികളും ലംഘിച്ചുവെന്നതിൽ സംശയമില്ല. എന്നാൽ റഫറി രണ്ടാമത്തെ മഞ്ഞക്കാർഡ് നൽകി താരത്തെ പുറത്താക്കാൻ തയ്യാറായില്ല.

റയൽ മാഡ്രിഡ് താരമായതു കൊണ്ടാണ് റഫറി അതിൽ ചുവപ്പുകാർഡ് നൽകാതിരുന്നത് എന്നും മറ്റേതൊരു ടീമിന്റെ താരമായാലും അത് ചുവപ്പുകാർഡ് നൽകുമെന്നും ആരാധകർ പറയുന്നു. ഇതിനു മുൻപ് റഫറിയോട് കയർത്തതിന്റെ പേരിൽ ബാഴ്‌സലോണ താരം റോബർട്ട് ലെവൻഡോസ്‌കിക്ക് റെഡ് കാർഡും വിലക്കും നൽകിയതും അവർ ചൂണ്ടിക്കാട്ടുന്നു.

You Might Also Like