റഫറി മയക്കുമരുന്നുപയോഗിച്ചിട്ടുണ്ടെന്ന് ലെവൻഡോസ്‌കി, ബാഴ്‌സയുടെ വിജയത്തിൽ റഫറിക്കെതിരെ വ്യാപകമായ പ്രതിഷേധം

ബാഴ്‌സലോണയും ഒസാസുനയും തമ്മിൽ ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ ഉണ്ടായത് നിരവധി വിവാദ സംഭവങ്ങൾ. ഒസാസുന നേടിയ ആദ്യഗോൾ വീഡിയോ റഫറി കാൻസൽ ചെയ്യാത്തതും ലെവൻഡോസ്‌കി, ബെഞ്ചിലുണ്ടായിരുന്ന പിക്വ എന്നിവർക്ക് ചുവപ്പുകാർഡ് നൽകിയതുമുൾപ്പെടെ റഫറി ബാഴ്‌സയെ തോൽപ്പിക്കാൻ ശ്രമം നടത്തിയെന്ന വാദമാണ് ആരാധകർ ഉയർത്തുന്നത്. മത്സരത്തിൽ ഒരു മണിക്കൂറിലധികം സമയം പത്തു പേരുമായി പൊരുതിയ ബാഴ്‌സലോണ ഒരു ഗോളിന് പിന്നിൽ നിന്നതിനു ശേഷം രണ്ടു ഗോൾ നേടിയാണ് വിജയം നേടിയത്.

മത്സരത്തിന്റെ ആറാം മിനുട്ടിലാണ് ഒസാസുന ഗോൾ നേടുന്നത്. എന്നാൽ ആ ഗോളിന് മുൻപ് ഒരു ഒസാസുന താരം ബാഴ്‌സലോണ പ്രതിരോധതാരം മാർക്കോസ് അലോൻസോയെ വളരെ ശക്തിയായി ഇടിച്ചിടുന്നത് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഈ ദൃശ്യങ്ങൾ വീഡിയോ റഫറി പരിശോധിച്ചെങ്കിലും ഗോൾ അനുവദിക്കുക തന്നെയാണ് ചെയ്‌തത്‌. എന്നാൽ ആ ഗോൾ അനുവദിക്കാൻ പാടില്ലായിരുന്നുവെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ഫൗളിന്റെ ദൃശ്യങ്ങൾ പങ്കു വെച്ച് ചൂണ്ടിക്കാട്ടുന്നത്.

മത്സരത്തിന്റെ പതിനൊന്നാം മിനുട്ടിൽ ആദ്യത്തെ മഞ്ഞക്കാർഡ് നേടിയ ടീമിലെ സ്റ്റാർ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കിക്ക് മുപ്പത്തിയൊന്നാം മിനുട്ടിൽ മറ്റൊരു മഞ്ഞക്കാർഡ് കൂടി നൽകി റഫറി മാർച്ചിങ് ഓർഡർ നൽകുകയും ചെയ്‌തിരുന്നു. മെസി, സുവാരസ് എന്നീ താരങ്ങൾക്ക് ചുവപ്പുകാർഡ് നൽകിയതിന്റെ പേരിൽ ശ്രദ്ധേയനായ ഗിൽ മൻസാനോ മയക്കുമരുന്നുപയോഗിച്ചാണ് മത്സരം നിയന്ത്രിക്കാൻ വന്നതെന്നാണ് കളിക്കളത്തിൽ നിന്നും കയറിപ്പോകുമ്പോൾ ലെവൻഡോസ്‌കി ആംഗ്യം കാണിച്ചത്. അതിന്റെ പേരിൽ താരത്തിന് വിലക്ക് ലഭിക്കുമോയെന്ന് കണ്ടറിയണം.

ആദ്യപകുതി അവസാനിച്ചപ്പോൾ ലെവൻഡോസ്‌കിക്ക് ചുവപ്പുകാർഡ് നൽകിയതിനോട് പിക്വ റഫറിയോട് രൂക്ഷമായ ഭാഷയിൽ പ്രതികരണം നടത്തിയിരുന്നു. ഇതിന്റെ പേരിൽ താരത്തിനും മഞ്ഞക്കാർഡ് ലഭിക്കുകയുണ്ടായി. ജെറാർഡ് പിക്വയുടെ പ്രൊഫെഷണൽ കരിയറിലെ അവസാനത്തെ മത്സരമായിരുന്നു ഇന്നലത്തേത്. പകരക്കാരനായിരുന്ന താരത്തിന് കളത്തിലിറങ്ങാൻ അതുകൊണ്ടു തന്നെ അവസരം ലഭിച്ചില്ല.

ബാഴ്‌സലോണക്കെതിരെ തീരുമാനങ്ങൾ എടുത്തതിന്റെ പേരിൽ ശ്രദ്ധേയനായ റഫറി തന്നെയാണ് ഇദ്ദേഹം. ഇന്നലത്തെ മത്സരത്തിൽ ബാഴ്‌സ തോറ്റിരുന്നെങ്കിൽ റയൽ മാഡ്രിഡിന് അവരെ മറികടക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ പത്തു പേരായിട്ടും ആവേശം ചോരാതെ പൊരുതിയ ബാഴ്‌സലോണ പെഡ്രി, റാഫിന്യ എന്നിവരുടെ ഗോളിലാണ് വിജയം നേടിയത്. ഇതോടെ ലാ ലീഗയിൽ ഒന്നാം സ്ഥാനക്കാരായി തന്നെ ലോകകപ്പിന്റെ ഇടവേളയിലേക്ക്  പിരിയാൻ ബാഴ്‌സക്കാവും.

You Might Also Like