എഫ്എ കപ്പും തിരിച്ചെത്തുന്നു, ഫുട്‌ബോള്‍ ലോകത്തിന് സന്തോഷവാര്‍ത്ത
കോവിഡ് 19 മഹാമാരി മൂലം തടസപ്പെട്ട ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് പിന്നാലെ എഫ്എ കപ്പും തിരിച്ചെത്തുന്നു. ജൂണ്‍ 27 മുതലാണ് ടൂര്‍ണമെന്റ് പുനരാരംഭിക്കുക. കാണികളെ പ്രവേശിപ്പിക്കാതെ തന്നെയാകും ഈ മത്സരങ്ങള്‍ നടത്തുക.
ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള മത്സരങ്ങളാണ് ഇംഗ്ലണ്ടില്‍ ഇനി നടക്കാനുള്ളത്. ഓഗസ്റ്റ് ഒന്നിന് ഫൈനല്‍ നടക്കുന്ന തരത്തിലാണ് ഇപ്പോള്‍ തിയതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 17 മുതല്‍ പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ പുനരാരംഭിക്കാനാണ് തീരുമാനം.
ഇതിനുപിന്നാലെ 27, 28 തീയതികളില്‍ എഫ്.എ.കപ്പിലെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടത്താനാണ് ഇപ്പോള്‍ തീരുമാനം. ജൂലൈ 11,12 തീയതികളില്‍ സെമി പോരാട്ടങ്ങളും ഓഗസ്റ്റ് ഒന്നിന് ഫൈനല്‍ മത്സരവും നടക്കും. അതെസമയം ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ വേദിയെക്കുറിച്ച് വ്യക്തത ഇല്ല. എന്നാല്‍ സെമി, ഫൈനല്‍ പോരാട്ടങ്ങള്‍ വെംബ്ലി സ്റ്റേഡിയത്തില്‍ നടക്കാനാണ് സാധ്യത.
ലെസ്റ്റര്‍ സിറ്റി-ചെല്‍സി, ന്യൂകാസില്‍ യുണൈറ്റഡ്-മാഞ്ചസ്റ്റര്‍ സിറ്റി, ഷെഫീല്‍ഡ് യുണൈറ്റഡ്-ആഴ്‌സനല്‍, നോര്‍വിച്ച് സിറ്റി-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവയാണ് നടക്കാനിരിക്കുന്ന ക്വാര്‍ട്ടര്‍ മത്സരങ്ങള്‍.