വളർച്ച മുരടിച്ച മെസിയുടെ മുഖത്തടിക്കണം, ബാഴ്സ നായകനെതിരെ ക്രൂരമായ അധിക്ഷേപവുമായി മുൻ ഫ്രഞ്ച് താരം

Image 3
FeaturedFootball

ബാഴ്സ നായകനായ മെസിക്കെതിരെ ക്രൂരമായ അധിക്ഷേപമായി 1998ലെ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലെ സ്ട്രൈക്കറായ ക്രിസ്റ്റഫെ ഡുഗാറി. മെസിയെ ഒന്നര മീറ്റർ നീളം മാത്രമമുള്ള വരൾച്ച മുരടിച്ച താരമെന്നാണ് ഡുഗാറി വിശേഷിപ്പിച്ചത്. അറ്റ്ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിനു ശേഷം ഗ്രീസ്മനെ ബാഴ്സ തഴയുന്നതിനെ കുറിച്ചു സംസാരിക്കുമ്പോഴാണ് മുൻ ഫ്രഞ്ച് താരം മെസിയെ അധിക്ഷേപിച്ചു സംസാരിച്ചത്.

“ബാഴ്സലോണയിൽ ഗ്രീസ്‌മാൻ എന്തിനെ പേടിക്കുന്നുവെന്നാണ് നിങ്ങൾ പറയുന്നത്? ഒന്നര മീറ്റർ മാത്രം വലിപ്പമുള്ള വരൾച്ച മുരടിച്ച ഒരു പയ്യനേയോ. ചില സമയത്ത് ധൈര്യം കാണിക്കണമെന്നു മാത്രമേ എനിക്കു ഗ്രീസ്മനോടു പറയാനുള്ളൂ. മെസിയും ഗ്രീസ്മനും തമ്മിൽ പ്രശ്നമുണ്ടെന്നു ഞാൻ കുറേയായി പറയുന്നു. ഗ്രീസ്മൻ മെസിയുടെ മുഖത്തടിക്കേണ്ടതാണ്.” ആർഎംസി സ്പോർടിനോടു സംസാരിക്കുമ്പോൾ ഡുഗാറി പറഞ്ഞു.

“മെസി ഗ്രീസ്മനു കൂടുതൽ പാസുകൾ നൽകേണ്ടതാണ്. എന്നാൽ അതിലെനിക്ക് ആശ്ചര്യമില്ല. ഗ്രീസ്മൻ പന്തുകൾ നഷ്ടപ്പെടുത്തും, ആത്മവിശ്വാസം നഷ്ടപ്പെട്ടതു പോലെയാണു കളിക്കുന്നത്. മെസിയുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹവും ശ്രമിക്കണം.” ഡുഗാറി പറഞ്ഞു.

ഡുഗാറിയുടെ വാക്കുകൾ കടുത്ത പ്രതിഷേധത്തിനു കാരണമായതിനെ തുടർന്ന് പിന്നീടദ്ദേഹം മാപ്പു പറഞ്ഞ് രംഗത്തെത്തി. മെസിയെക്കുറിച്ചു പറഞ്ഞ വാക്കുകൾ വളർച്ച മുരടിച്ച താരങ്ങളെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും അതു വേദനയുണ്ടാക്കുന്നതായതിനാൽ എല്ലാവരോടും മാപ്പു പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.