ഡീല്‍ ഡണ്‍, യൂറോപ്യന്‍ സൂപ്പര്‍ താരവുമായി ബ്ലാസ്റ്റേഴ്‌സിന് മൂന്ന് വര്‍ഷത്തെ കരാര്‍

Image 3
FootballISL

ഐഎസ്എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് സ്പാനിഷ് താരം വിന്‍സെന്റ് ഗോമസുമായി കരാര്‍ ഒപ്പിട്ടു. മൂന്ന് വര്‍ഷത്തേക്കാണ് ഗോമസുമായുളള കരാര്‍ ബ്ലാസ്‌റ്റേഴ്‌സ് ഒപ്പ് വെച്ചിരിക്കുന്നത്. പ്രമുഖ കായിക മാധ്യമമായ ഖേല്‍ നൗ ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തിയ സെര്‍ജിയോ സിഡോച്ചയക്കും സ്വന്തമാക്കിയ ഗാരി ഹൂപ്പറിനും ഫക്കുണ്ടോ പെരേരയ്ക്കും ശേഷം ബ്ലാസ്റ്റേഴ്സിലെത്തുന്ന താരമാണ് ഈ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍.

മുപ്പത്തിരണ്ടുകാരനായ സ്പാനിഷ് താരം ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍ ആയിട്ടാണ് കളിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ സ്പാനിഷ് രണ്ടാം ഡിവിഷന്‍ ക്ലബ് ലാ കൊറൂനക്ക് വേണ്ടി ഗോമസ് 60 മത്സരങ്ങള്‍ കളിച്ച താരമാണ്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ക്ലബ് മൂന്നാം ഡിവിഷനിലേക്ക് തരം താഴ്ത്തപെട്ടതിനെ തുടര്‍ന്നു ഒരു വര്‍ഷം കൂടി കരാര്‍ ബാക്കി നില്‍ക്കെ താരം ക്ലബ്ബിനൊപ്പമുള്ള തന്റെ കരിയര്‍ പരസ്പര സമ്മതത്തോടെ അവസാനിപ്പിച്ചു.

നിലവില്‍ 32 വയസ്സുളള താരം ഡിഫന്‍സീവ് മിഡ്ഫീല്‍ഡിന് പുറമെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായും പന്ത് തട്ടാറുണ്ട്. ക്ലബ് ഫുട്‌ബോളില്‍ മുന്നീറിലധികം മത്സരങ്ങളുടെ പരിചയ സമ്പത്തുളള താരമാണ് ഗോമസ്.

സ്‌പെയിനിലെ സ്വയംഭരണാവകാശമുള്ള കാനറി ദ്വീപിന്റെ തലസ്ഥാനമായ ലാസ് പാല്‍മസില്‍ ജനിച്ച വിസെന്റെ ഗോമസ് 2007ല്‍ പ്രാദേശിക ക്ലബ്ബായ എഡി ഹുറകാനിലൂടെയാണ് തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് 2009ല്‍ താരം യുഡി ലാസ് പാല്‍മസിലേക്ക് ചേക്കേറി. തുടക്കത്തില്‍ ക്ലബ്ബിന്റെ സി ടീമില്‍ എത്തിയ താരം സീസണ്‍ മുഴുവന്‍ സ്‌പെയിനിലെ മൂന്നാം ഡിവിഷനില്‍ കളിച്ചു.