ബാഴ്‌സലോണ താരങ്ങളെ ആക്രമിക്കാൻ ശ്രമിച്ച് എസ്‌പാന്യോൾ ആരാധകർ, കിരീടനേട്ടം ആഘോഷിക്കാൻ സമ്മതിച്ചില്ല

ബാഴ്‌സലോണ ലാ ലിഗ കിരീടം നേടിയതിനു പിന്നാലെ അപ്രതീക്ഷിത സംഭവങ്ങൾ. കിരീടം നേടിയത് മൈതാനത്ത് ആഘോഷിക്കുന്ന ബാഴ്‌സലോണ താരങ്ങളെ പ്രകോപിതരായ എസ്പാന്യോൾ ആരാധകർ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ബാഴ്‌സലോണ താരങ്ങൾ മൈതാനത്തു നിന്നും ഓടി രക്ഷപ്പെടുകയാണുണ്ടായത്.

രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്‌സലോണ ഇന്നലെ നടന്ന മത്സരത്തിൽ വിജയം നേടിയത്. റോബർട്ട് ലെവൻഡോസ്‌കിയുടെ ഇരട്ടഗോളുകളും അലസാന്ദ്രോ ബാൾഡേ, ജൂൾസ് കൂണ്ടെ എന്നിവരുടെ ഗോളുകളുമാണ് ബാഴ്‌സലോണയ്ക്ക് വിജയം നൽകിയത്. ബാഴ്‌സലോണ നാല് ഗോളുകൾ നേടിയതിനു ശേഷമാണ് എസ്പാന്യോൾ രണ്ടു ഗോൾ തിരിച്ചടിച്ചത്.

പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണക്ക് ആവേശം നൽകിയ കിരീടനേട്ടമാണ് ഉണ്ടായത്. നാല് മത്സരങ്ങൾ ബാക്കി നിൽക്കെ നേടിയ കിരീടം താരങ്ങൾ മൈതാനത്തിറങ്ങി ആഘോഷിക്കുകയായിരുന്നു. അവർക്കിടയിലേക്ക് പൊടുന്നനെ എസ്പാന്യോൾ ആരാധകർ ഇറങ്ങിയതോടെ ബാഴ്‌സലോണ താരങ്ങൾ മൈതാനത്തു നിന്നും ഓടിപ്പോയി.

ബാഴ്‌സലോണ താരങ്ങൾ ഡ്രസിങ് റൂമിലേക്ക് പോയെങ്കിലും എവിടേക്കും എസ്പാന്യോൾ ആരാധകർ തള്ളിക്കയറാൻ ശ്രമിച്ചു. കസേരകൾ ഉൾപ്പെടെ അവർ വലിച്ചെറിയുകയും ചെയ്‌തു. സ്റ്റേഡിയം സെക്യൂരിറ്റി വളരെ ബുദ്ധിമുട്ടിയാണ് താരങ്ങളെ സംരക്ഷിച്ച് എസ്പാന്യോൾ ആരാധകരെ ഒതുക്കി നിർത്തിയത്.

ബാഴ്‌സലോണ കിരീടം നേടിയപ്പോൾ തരം താഴ്ത്തൽ മേഖലയിൽ നിൽക്കുന്ന എസ്പാന്യോൾ തോൽവിയോടെ രണ്ടാം ഡിവിഷനിലേക്ക് പോകാനുള്ള സാധ്യത വർധിച്ചു. ഇതാണ് ആരാധകരെ പ്രകോപിപ്പിച്ചത് എന്നാണു കരുതേണ്ടത്. എന്തായാലും ബാഴ്‌സലോണ താരങ്ങൾക്കും ആരാധകർക്കും മറക്കാൻ പറ്റാത്ത സംഭവമാണ് നടന്നത്.

You Might Also Like