ഹമേസ് റോഡ്രിഗസിനു വേണ്ടി പ്രീമിയർ ലീഗ് വമ്പന്മാരുടെ പോരാട്ടം

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് വിടാനൊരുങ്ങുന്ന കൊളംബിയൻ സൂപ്പർതാരം ഹമേസ് റോഡ്രിഗസിനു വേണ്ടി പ്രീമിയർ ലീഗ് ക്ലബുകളുടെ മത്സരം. ഇരുപത്തിയെട്ടുകാരനായ താരത്തിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സനലുമാണ് പ്രധാനമായും രംഗത്തുള്ളതെന്ന് മാഡ്രിഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമമായ മാർക്കയാണു റിപ്പോർട്ടു ചെയ്തത്.

ഫ്രഞ്ച് ക്ലബായ മൊണാക്കോയിൽ നിന്നും 2014ൽ റയൽ മാഡ്രിഡിലെത്തിയ ഹമേസിനു പക്ഷേ ലോസ് ബ്ലാങ്കോസിനൊപ്പമുള്ള നാളുകൾ അത്ര മികച്ചതായിരുന്നില്ല. ഇടക്കു വെച്ച് താരം ബയേണിൽ ലോണിൽ കളിച്ചെങ്കിലും ജർമൻ ക്ലബുമായും സ്ഥിരം കരാറിലെത്താൻ താരത്തിനു കഴിഞ്ഞില്ല.

പ്രതിഭാധനനായ താരം അടുത്തിടെ റയൽ മാഡ്രിഡിനെതിരെ രംഗത്തു വന്നിരുന്നു. കഴിഞ്ഞ സമ്മറിൽ ഒരു സ്പാനിഷ് ക്ലബിന്റെ മികച്ച ഓഫർ തനിക്കു ലഭിച്ചെങ്കിലും റയൽ തന്നെ ടീം വിടാൻ അനുവദിച്ചില്ലെന്നാണ് ഹമേസ് പറഞ്ഞത്. താരം ക്ലബുമായി അകൽച്ചയിലാണെന്നും ഈ സീസണു ശേഷം ക്ലബ് വിടുന്ന കാര്യം തീർച്ചയാണെന്നുമാണ് ഇതു വ്യക്തമാക്കുന്നത്.

ഏതാണ്ട് മുപ്പതു ദശലക്ഷം യൂറോ ലഭിച്ചാൽ താരത്തെ റയൽ വിട്ടു കൊടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ആഴ്സനലിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും പുറമേ എവർട്ടൺ, വോൾവ്സ് എന്നിവരും കൊളംബിയൻ താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നുണ്ട്.

You Might Also Like