വലനിറച്ച് വീണ്ടും വലന്‍സിയ; സ്വന്തമാക്കിയത് അപൂര്‍വ്വ റെക്കോര്‍ഡും

ലോകകപ്പ് ഫുട്‌ബോളിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെതിരെ രണ്ട് ഗോള്‍നേടിയതിന് പിന്നാലെ നെതര്‍ലാന്‍ഡിനെതിരെയും ലക്ഷ്യംകണ്ടതോടെ റെക്കോര്‍ഡ് സ്വന്തമാക്കി ഇക്വഡോര്‍ ഫോര്‍വേഡ് എന്നര്‍ വലന്‍സിയ. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി ആറുഗോളുകള്‍നേടിയ ആദ്യ സൗത്ത് അമേരിക്കന്‍ താരമെന്ന നേട്ടമാണ് സ്വന്തംപേരിലാക്കിയത്.

കരുത്തരായ നെതര്‍ലാന്‍ഡിനെതിരെ 49ാം മിനിറ്റിലാണ് ഇക്വഡോര്‍ ക്യാപ്റ്റന്‍ വലകുലുക്കിയത്. ആദ്യപകുതിയില്‍ ഒരുഗോളിന് പിന്നിട്ടുനിന്ന ടീമിന് സമനിലനേടികൊടുത്തതും ഈ ഗോളായിരുന്നു. ഇതോടെ മൂന്ന് ഗോളുമായി ഗോള്‍ഡന്‍ ബൂട്ട് പട്ടികയില്‍ ഒന്നാംസ്ഥാനത്തുമെത്തി. 75 മത്സരങ്ങളില്‍ നിന്നായി 37 ഗോളുകളാണ് ഇക്വഡോറിനായി താരം നേടിയത്.

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയക്കും വെനുസ്വലക്കും അര്‍ജന്റീനക്കുമെതിരെ ഗോള്‍നേടിയിരുന്നു. ഉജ്ജ്വലഫോമിലുള്ള വലന്‍സിയയുടെ ചിറകിലേറിയാണ് ഇക്വഡോര്‍ ലോകകപ്പിനെത്തിയത്. തുടര്‍ന്ന് ഈലോകകപ്പിലെ ആദ്യഗോളും സ്വന്തംപേരിലാക്കി. ഈ മത്സരത്തിലും ലക്ഷ്യംകണ്ടതോടെ പ്രഗത്ഭരായ നിരവധി പേര്‍ക്കും സാധിക്കാത്ത അപൂര്‍വ്വ നേട്ടവും സ്വന്തമാക്കി.

You Might Also Like