ട്രാന്‍സ്ഫര്‍ വിപണിയില്‍ ചൂടുപിടിക്കുന്നു, ലോകകപ്പ് സൂപ്പര്‍താരങ്ങള്‍ക്കായി വലിയ പോരാട്ടം

ഖത്തര്‍ ലോകകപ്പിന് ശേഷം ട്രാന്‍സ്ഫര്‍ വിപണിയില്‍ ശക്തമായ ഇടപെടലുമായി ക്ലബുകള്‍. ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ക്ലബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബുകളാണ് പണമെറിഞ്ഞ് മുന്നിലുള്ളത്. സ്പാനിഷ് വമ്പന്‍മാരായ റയല്‍മാഡ്രിഡും ബാഴ്‌സലോണയും നീക്കം നടത്തുന്നുണ്ടെങ്കിലും വലിയതുക മുടക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ല.

നിലവില്‍ അര്‍ജന്റീനന്‍ യുവതാരം എന്‍സോ ഫെര്‍ണാണ്ടസിന് വേണ്ടിയാണ് ശക്തമായ പോരാട്ടം. ബെനഫികതാരമായ സെന്‍ട്രല്‍ മിഡ്ഫീല്‍ഡറിനായി ചെല്‍സിയാണ് മുന്നിലുള്ളത്. 120-130 മില്യണാണ് ലോകകപ്പിലെ യുവതാരമായി തെരഞ്ഞെടുത്ത എന്‍സോക്കായി ബെനഫിക മുന്നോട്ട് വെച്ചത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും താരത്തിന് പിന്നാലെയുണ്ടെങ്കിലും സാധ്യത കൂടുതല്‍ ചെല്‍സിയ്ക്കാണ്. ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിംഗ്ഹാമിനെ ടീമിലെത്തിക്കാന്‍ ലിവര്‍പൂളിന് പദ്ധതിയുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിനകം തന്നെ വന്‍തുകമുടക്കി ബ്രസീല്‍താരം ആന്റണി, കാസമിറോയെയടക്കം ടീമിലെത്തിച്ചതോടെ ഇനി വന്‍തുകമുടക്കാനിടയില്ല.

എന്‍കോളോ കാന്റെയ്ക്ക് പകരക്കാരനായാണ് എന്‍സോയെ ചെല്‍സി നോട്ടമിടുന്നത്. ഇതോടൊപ്പം ഈസീസണോടെ ഇറ്റാലിയന്‍ താരം ജോര്‍ജീജ്ജോ ക്ലബ് വിട്ടേക്കും. താരത്തിനുള്ള മികച്ച പകരക്കാരനായും 21കാരനെ ഇംഗ്ലീഷ് ക്ലബ് നോക്കികാണുന്നു. മുന്നേറ്റനിരയില്‍ ഐവറികോസ്റ്റ് താരം ഡേവിഡ് ഡാട്രോ ഫൊഫാനയുമായി ചെല്‍സി കഴിഞ്ഞദിവസം കരാറിലെത്തിയിരുന്നു.


മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോട്ടമിട്ട നെതര്‍ലാന്‍ഡ് സ്‌ട്രൈക്കര്‍ കോഡി ഗാപ്‌കോയുമായി ലിവര്‍പൂള്‍ കഴിഞ്ഞദിവസം കരാറില്‍ ഏര്‍പ്പെട്ടിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡ് പോര്‍ച്ചുഗല്‍ താരം ജാവോ ഫെലിക്‌സിന് വേണ്ടി യുണൈറ്റഡ് ശ്രമം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ അത്‌ലറ്റിക്കോ ക്ലബിനും താരത്തെ കൈമാറുന്നതില്‍ പ്രശ്‌നമില്ല. അതേസമയം ഫെലിക്‌സിനായി ചെല്‍സിയും ആഴ്‌സനലും ശ്രമം നടത്തുന്നുണ്ട്. ഉക്രൈന്‍ യുവതാരം മൈഗ്യാലോ മുഡ്രിക്കിനായി ആഴ്‌സണല്‍ ശ്രമംനടത്തുകയാണ്.

You Might Also Like