ഇനി ഇംഗ്ലണ്ടില്‍ ഫുട്‌ബോള്‍ പൊടിപൂരം, ടോട്ടനവും ലിവര്‍പൂളും നാളെ കളത്തില്‍

ലോകകപ്പ് ഫുട്‌ബോള്‍തീര്‍ത്ത ഒരുമാസകാലത്തെ ഇടവേളകഴിഞ്ഞ് ക്ലബ് ഫുട്‌ബോള്‍ നാളെ മുതല്‍ സജീവമാകുന്നു. നവംബര്‍ 13ന് ഫുള്‍ഹാമിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയത്തോടെയാണ് ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് താല്‍കാലികമായി നിര്‍ത്തിയത്.

പിന്നീട് ഖത്തറിന്റെ മണ്ണില്‍ താരങ്ങള്‍ പരസ്പരം ഏറ്റമുട്ടുകയും ചെയ്തു. ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി അര്‍ജന്റീന കപ്പുയര്‍ത്തിയതോടെ ലോകമാമാങ്കത്തിന് പരിസമാപ്തിയായി. ക്രിസ്മസ് അവധിക്ക് ശേഷം താരങ്ങളെല്ലാം ക്ലബ് ക്യാമ്പില്‍ പരിശീലനത്തിനെത്തിതുടങ്ങി.


നാളെ മുതല്‍ വീണ്ടും പ്രീമിയര്‍ ലീഗില്‍ പന്തുരുളാന്‍ പോവുമ്പോള്‍ ടെന്‍ഷന്‍ മുന്‍നിരക്കാര്‍ക്ക് തന്നെയാണ്. 14 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആഴ്‌സനല്‍ 37 ലും നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി 32 ലും നില്‍ക്കുകയാണ്.

15 മല്‍സരങ്ങളില്‍ നിന്നായി 30 പോയിന്റ് സമ്പാദിച്ച ന്യൂകാസില്‍ യുനൈറ്റഡാണ് മൂന്നാമത്. സീസണില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത് മുന്നേറുകയാണ് ന്യൂകാസില്‍. ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നയിച്ച ഹാരി കെയിന്‍ കളിക്കുന്ന ടോട്ടനം 29 പോയന്റുമായി നാലാമതുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 14 കളിയില്‍ 26 പോയന്റുമായി അഞ്ചാമതും ലിവര്‍പൂള്‍ 14 മത്സരങ്ങളില്‍ നിന്നായി 22 പോയന്റുമായി ആറാമതുമാണ്.

21 പോയന്റുള്ള ബ്രൈട്ടനും ചെല്‍സിയും ഏഴും എട്ടും സ്ഥാനത്താണ്. ചെല്‍സിക്കും യുണൈറ്റഡിനും ലിവര്‍പൂളിനും പോയന്റ് ടേബിളില്‍ മുന്നേറാന്‍ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. ഇടവേളക്ക് ശേഷം നടക്കുന്ന ആദ്യ മത്സരത്തില്‍ ടോട്ടന്‍ഹാം ബ്രെന്‍ഡ്‌ഫോര്‍ഡിനെ നേരിടും.

മറ്റുമത്സരങ്ങളിലായി സതാംപ്റ്റണ്‍ ബ്രൈട്ടനേയും ലെസ്റ്റര്‍ ന്യൂകാസിലിനേയും ക്രിസ്റ്റല്‍ പാലസ് ഫുള്‍ഹാമിനേയും എവര്‍ട്ടണ്‍ വോള്‍വ്‌സിനേയും നേരിടും. ലിവര്‍പൂള്‍ ആസ്റ്റണ്‍വില്ല പോരാട്ടം രാത്രി 11മണിക്കാണ്.

You Might Also Like