ഈ കുതിപ്പ് കിരീടത്തിലേക്കോ, പ്രീമിയര്‍ലീഗില്‍ ആഴ്‌സണല്‍ യൂത്ത് ഫെസ്റ്റിവല്‍

ലോകഫുട്‌ബോളിലെ വമ്പന്‍താരങ്ങളെ ടീമിലെത്തിച്ച് പ്രീമിയര്‍ലീഗും ചാമ്പ്യന്‍ലീഗും ലക്ഷ്യമിട്ട് ക്ലബുകള്‍ മുന്നോട്ട് പോകുമ്പോള്‍ ഒരുസംഘം യുവതാരങ്ങളെ അണിനിരത്തിയാണ് ആഴ്‌സണിലിന്റെ കുതിപ്പ്. ഏതെങ്കിലുമൊരു സൂപ്പര്‍താരത്തില്‍ കേന്ദ്രീകരിക്കുന്നതല്ല, മറിച്ച് ഗണ്ണേഴ്‌സില്‍ എല്ലാവരും സൂപ്പര്‍ താരങ്ങളാണ്. ഈസീസണിന്റെ തുടക്കത്തില്‍ കിരീടപോരാട്ടത്തില്‍ പ്രതീക്ഷയര്‍പ്പിച്ച ടീമായിരുന്നില്ല ആഴ്‌സണല്‍.

സമീപകാലത്തെ പ്രകടനംവിലയിരുത്തുമ്പോള്‍ നാലാമതോ അഞ്ചോമതോ ഫിനിഷ് ചെയ്യുമെന്നാണ് പലരും കരുതിയത്. എന്നാല്‍ ട്രാന്‍സ്ഫര്‍മാര്‍ക്കറ്റില്‍ വലിയ സംഖ്യചെലവഴിക്കാതെതന്നെ ലോക ഫുട്‌ബോളിലെ മികച്ചകളിക്കാരെ കൂടാരത്തിലെത്തിച്ച് പരിശീലകന്‍ മൈക്കിള്‍ അര്‍തേട്ടയും മാനേജ്‌മെന്റും നയംവ്യക്തമാക്കി. ബ്രസീല്‍താരങ്ങളായ ഗബ്രിയേല്‍ ജീസുസ്, മാര്‍ട്ടിനലി, ഇംഗ്ലണ്ട് യുവതാരം എഡ് കിയേറ്റ തുടങ്ങിയ മുന്നേറ്റനിരക്കാര്‍ക്കൊപ്പം ബുക്കായ സാക്കയും മധ്യനിരയില്‍ കളിമെനഞ്ഞ് സ്വിസ് താരം ഗ്രാനെറ്റ് ഷാക്കകൂടി ചേര്‍ന്നതോടെ അതിവേഗകുതിപ്പിന് ഇന്ധനമായി.


13തവണ പ്രീമിയര്‍ലീഗ് ചാമ്പ്യന്‍മാരായ ആഴ്‌സണല്‍ 2003-04 സീസണിലാണ് അവസാനമായി കിരീടത്തില്‍ മുത്തമിട്ടത്. 14എഫ്.എ കിരീടം എമിറേറ്റ്‌സ് സ്റ്റേഡിയത്തിലെത്തിച്ചിട്ടുണ്ട്. അവസാനം നേടിയതാവട്ടെ 2019-20 സീസണില്‍. ഇത്തവണ ടീമിന്റെ പ്രകടനത്തില്‍ വലിയ പ്രതീക്ഷയിലാണ് ഇംഗ്ലീഷ് ക്ലബ് ആരാധകര്‍.

നിലവില്‍ പ്രീമിയര്‍ലീഗ് സീസണ്‍ പകുതിയിലേക്കടുക്കുമ്പോള്‍ 15 കളിയില്‍ 13ജയവും ഒരുസമനിലയും ഒരുതോല്‍വിയുമടക്കം 40 പോയന്റുമായി പോയന്റ് ടേബിളില്‍ ഒന്നാമതാണ്. തൊട്ടുപിന്നിലുള്ള ന്യൂകാസില്‍ യുണൈറ്റഡിന് 16 കളിയില്‍ 9ജയവും ആറുതോല്‍വിയും ഒരുസമനിലയും സഹിതം 33 പോയന്റാണുള്ളത്.

ഏഴ് പോയന്റിന്റെ വ്യക്തമായ ലീഡ് തുടരാനായാല്‍ ചരിത്രനേട്ടമാണ് ഈ യുവസംഘത്തെ കാത്തിരിക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി 32 പോയന്റുമായി മൂന്നാമതും ടോട്ടനം 30പോയന്റുമായി നാലാമതുമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചാംസ്ഥാനത്തും ലിവര്‍പൂള്‍ ആറാമതുമുണ്ട്.

സ്പാനിഷുകാരനായ പരിശീലകന്‍ അര്‍തേട്ടയുടെ പിഴക്കാത്ത തന്ത്രങ്ങളാണ് ടീമിന്റെ മുന്നേറ്റത്തിന് കരുത്ത്. 2019 മുതല്‍ ഈ മുന്‍ സ്‌പെയിന്‍താരം ആഴ്‌സനല്‍ പരിശീലകസ്ഥാനത്തുണ്ട്. ലോകകപ്പിന്റെ ഒരുമാസത്തെ ഇടവേളക്ക് ശേഷം നടന്ന ആദ്യമത്സരത്തില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ തകര്‍ത്തത്.

ആദ്യപകുതിയില്‍ ഒരുഗോളിന് പിന്നിട്ട് നിന്നശേഷം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. രണ്ടു പതിറ്റാണ്ടിലധികം ആഴ്‌സണലിനൊപ്പമുണ്ടായിരുന്ന ഇതിഹാസപരിശീലകന്‍ ആഴ്‌സന്‍ വെങര്‍ മത്സരം വീക്ഷിക്കാന്‍ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലുണ്ടായിരുന്നു. ദീര്‍ഘകാലത്തിന് ശേഷമാണ് വെങര്‍ സ്വന്തംടീമിന്റെ കളികാണാന്‍ സ്റ്റേഡിയത്തിലെത്തുന്നതെന്ന പ്രത്യേകതയുണ്ട്. ആഴ്‌സണല്‍ ആരാധകരെ അഭിവാദ്യം ചെയ്യാനും പരിശീലകന്‍ മറന്നില്ല. 31ന് രാത്രി 11മണിക്ക് ബ്രൈട്ടനുമായാണ് അടുത്തമത്സരം.

You Might Also Like