ക്ലാസിക്കോ: ബാഴ്സയ്ക്കെതിരെ റയലിനു വിജയം, ലീഗിൽ ഒന്നാമത്

ആവേശോജ്വലമായ എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്‌സയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റയൽ മാഡ്രിഡ്‌ തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ബാഴ്സക്ക് വേണ്ടി മിൻഗ്വേസ ഏക ഗോൾ സ്വന്തമാക്കിയപ്പോൾ റയൽ മാഡ്രിഡിനായി കരിം ബെൻസമയും ടോണി ക്രൂസുമാണ് ഗോളുകൾ കണ്ടെത്തിയത്. വിജയത്തോടെ ബാഴ്സയെയും അത്ലറ്റിക്കോ മാഡ്രിഡിനെയും മറികടന്നു റയൽ മാഡ്രിഡ്‌ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

ആദ്യപകുതിയിൽ ബാഴ്സ കൂടുതൽ പന്തടക്കത്തിൽ ശ്രദ്ധ ചെലുത്തിയപ്പോൾ റയൽ മാഡ്രിഡ്‌ പ്രത്യാക്രമണ ഫുട്ബോളിനാണ് നേതൃത്വം നൽകിയത്. അത് പതിമൂന്നാം മിനുട്ടിൽ തന്നെ വിജയം കണ്ടു. വലതു വിങ്ങിലൂടെ നടത്തിയ പ്രത്യാക്രമണത്തിൽ ലൂക്കാസ് വാസ്‌കസ് നൽകിയ മികച്ചൊരു ക്രോസ് ബാക്ഫ്ലിപ്പിലൂടെ ബെൻസിമ വലയിലെത്തിക്കുകയായിരുന്നു.

28ആം മിനുട്ടിൽ ബാഴ്സ പെനാൽറ്റി ബോക്സിനു വെളിയിൽ വെച്ചു റയൽ ലഭിച്ച ഫ്രീകിക്ക് ക്രൂസും വലയിലെത്തിച്ചതോടെ ആദ്യപകുതിയിൽ തന്നെ റയൽ മാഡ്രിഡ്‌ ലീഡ് രണ്ടാക്കി ഉയർത്തുകയായിരുന്നു. രണ്ടാം പകുതിയിൽ ഗ്രീസ്മാനെ കളത്തിലിറക്കിയതോടെ ബാഴ്സക്ക് മികച്ച മുന്നേറ്റങ്ങൾ നടത്താൻ സാധിച്ചു. റയൽ മാഡ്രിഡിന്റെ പ്രത്യാക്രമണങ്ങൾക്കു പോസ്റ്റും ടെർ സ്റ്റേഗനും തടസ്സമായി നിൽക്കുകയായിരുന്നു.

എന്നാൽ അധികം വൈകാതെ തന്നെ 60ആം മിനുട്ടിൽ ബാഴ്സ ഒരു ഗോൾ മിൻഗ്വേസയിലൂടെ മടക്കുകയായിരുന്നു. ബാഴ്സയുടെ പ്രത്യാക്രമണത്തിൽ ജോർദി ആൽബ നൽകിയ കട്ട്‌ ബാക്ക് ക്രോസ്സിനെ മിൻഗ്വേസ വലയിലേക്ക് തട്ടിയിടുകയായിരുന്നു. പിന്നീട് കാസമിരോ റെഡ് കാർഡ് കണ്ടു പുറത്തായെങ്കിലും ലയണൽ മെസ്സിയുടെ കോർണർ കിക്ക് പോസ്റ്റിൽ അടിച്ചു പാഴായതും ഇഞ്ചുറി ടൈമിൽ ഇല്യാക്സ് മോറിബയുടെ ഷോട്ട് പോസ്റ്റിൽ കൊണ്ട് പാഴായതുമെല്ലാം ബാഴ്സക്കെതിരായി ഭവിക്കുകയായിരുന്നു. തോൽവിയോടെ അത്ലറ്റിക്കോ അടുത്ത മത്സരം ജയിക്കുകയാണെങ്കിൽ അവരുമായുള്ള വ്യത്യാസം നാലായി ഉയർന്നിരിക്കുകയാണ്.

You Might Also Like