പ്രതിഫലം കൈവിടാൻ ഒരുക്കമല്ല, റയൽ മാഡ്രിഡിൽ തന്നെ തുടരുമെന്ന് ഈഡൻ ഹസാർഡ്

പ്രീമിയർ ലീഗിൽ മിന്നിത്തിളങ്ങി നിൽക്കുന്ന സമയത്താണ് ഈഡൻ ഹസാർഡ് റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. ഫ്രീ ഏജന്റാവാൻ ഒരു വർഷം മാത്രം ബാക്കിയുണ്ടായിരുന്ന താരത്തെ നൂറു മില്യൺ യൂറോയിലധികം നൽകിയാണ് ചെൽസിയിൽ നിന്നും റയൽ മാഡ്രിഡ് സ്വന്തം തട്ടകത്തിലെത്തിച്ചത്. എന്നാൽ ആ ട്രാൻസ്‌ഫറിൽ റയൽ മാഡ്രിഡ് പിന്നീട് പശ്ചാത്തപിച്ചിരിക്കും എന്നുറപ്പാണ്.

റയൽ മാഡ്രിഡിലെത്തി നാല് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെ ക്ലബിന് വേണ്ടി തന്റെ കഴിവിന്റെ ഒരംശം പോലും നൽകാൻ ബെൽജിയൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഈ സീസണിൽ ആകെ ഒരു ലീഗ് മത്സരത്തിൽ മാത്രമാണ് താരം ആദ്യ ഇലവനിൽ ഇറങ്ങിയിരിക്കുന്നത്. അവസരങ്ങൾ ഇല്ലാത്ത, ടീമിന്റെ പദ്ധതികളിൽ പ്രധാനിയില്ലാത്ത താരത്തെ വിൽക്കാൻ റയൽ മാഡ്രിഡിന് ആഗ്രഹമുണ്ടെങ്കിലും അത് നടക്കില്ലെന്നാണ് വ്യക്തമാകുന്നത്.

“റയൽ മാഡ്രിഡിൽ അടുത്ത സീസണിലും തുടരാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്. ഇവിടെ തുടർന്ന് അവസാന സീസൺ ആസ്വദിക്കാനാണ് എന്റെ തീരുമാനം. ഇതൊരു ബുദ്ധിമുട്ടുള്ള സീസൺ ആയിരുന്നെങ്കിലും ഒരു വലിയ ക്ലബിനൊപ്പമായിരുന്നു അത്. ക്ലബുമായും കളിക്കാരുമായും മികച്ച ബന്ധമാണ് എനിക്കുള്ളത്. കളിക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിനു സാധ്യത കുറവാണ്, എന്നാൽ പ്രയത്നിച്ച് അവസരങ്ങൾ നേടിയെടുക്കും.” ഹസാർഡ് കഴിഞ്ഞ ദിവസം പറഞ്ഞു.

ഒരു സീസൺ മാത്രം കരാറിൽ ബാക്കിയുള്ള ഹസാർഡിനെ വിൽക്കാൻ റയൽ മാഡ്രിഡിനുള്ള അവസാനത്തെ അവസരമാണ് ഈ സമ്മർ ട്രാൻസ്‌ഫർ ജാലകം. ഇത്രയും തുക പ്രതിഫലം വാങ്ങുന്ന താരത്തെ ഒഴിവാക്കിയില്ലെങ്കിൽ അത് ടീമിലേക്ക് മറ്റു താരങ്ങളെ കൊണ്ടു വരുന്നതിനുള്ള റയൽ മാഡ്രിഡിന്റെ പദ്ധതികളെ ബാധിക്കും. തന്റെ വമ്പൻ പ്രതിഫലം ഒഴിവാക്കി റയൽ മാഡ്രിഡ് വിടാൻ ഹസാർഡും തയ്യാറാവില്ല.

 

 

You Might Also Like