റയൽ- ചെൽസി മത്സരം സമനിലയിൽ, ഫലം തൃപ്തികരമെന്നു സിദാൻ

Image 3
Champions LeagueFeaturedFootball

റയൽ മാഡ്രിഡ്‌ തട്ടകത്തിൽ വെച്ചു നടന്ന ചാമ്പ്യൻസ്‌ലീഗ് സെമി ഫൈനൽ ആദ്യപാദ മത്സരത്തിൽ ചെൽസിയുമായി സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരിക്കുകയായിരിക്കുകയാണ്. ചെൽസിക്കായി ക്രിസ്ത്യൻ പുലിസിച്ച് ഗോൾ നേടിയപ്പോൾ ആദ്യപകുതിയിൽ തന്നെ റയൽ മാഡ്രിഡിനായി കരിം ബെൻസമ സമനില ഗോൾ സ്വന്തമാക്കുകയായിരുന്നു.

കൂടുതൽ അക്രമണോത്സുക ഫുട്ബോളുമായി ചെൽസിയാണ് മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചതെങ്കിലും ഗോൾമുഖത്ത് ഗോൾകീപ്പർ തിബോട് കോർട്വയുടെ പ്രകടനം റയലിനു തുണയാവുകയായിരുന്നു. ചെൽസിയുടെ എൻഗോളൊ കാന്റെയുടെ മധ്യനിരയിലെ മിന്നും പ്രകടനമാണ് ചെൽസിക്ക് കൂടുതൽ മേൽക്കോയ്മ നൽകിയത്.

മത്സരത്തിലെ താരമായതും കാന്റെ തന്നെയായിരുന്നു. എന്നിരുന്നാലും റയലിന്റെ പ്രകടനം തൃപ്തികരമായിരുന്നുവെന്നാണ് പരിശീലകനായ സിദാന്റെ അഭിപ്രായം. മത്സരശേഷം നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സിദാൻ.

“ഇതൊരു തൃപ്തികരമായ റിസൽട്ട്‌ ആണ്. ആദ്യപകുതിയിൽ ഞങ്ങൾ അത്ര മികച്ചതായിരുന്നില്ല എന്നത് സത്യമാണ്. അവരുടെ സമ്മർദ്ദത്തിൽ ഞങ്ങൾ ബുദ്ദിമുട്ടിയിരുന്നു. എന്നാൽ ഇടവേളക്ക് ശേഷം ഞങ്ങൾ മികച്ച രീതിയിൽ തിരിച്ചു വന്നു. ഞങ്ങൾ വളരെ വേഗതയുള്ളതും മികച്ചതുമായ സംഘത്തിനെതിരെയാണ്‌ കളിച്ചത്. ഒപ്പം ഇതൊരു തൃപ്തികരമായ റിസൾട്ട്‌ ആണ്.” സിദാൻ പറഞ്ഞു.