ചെന്നൈയിന്‍ എഫ്‌സിയോട് വിടപറഞ്ഞ് മറ്റൊരു സൂപ്പര്‍ താരം കൂടി

Image 3
FootballISL

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് ചെന്നൈയിന്‍ എഫ്‌സിയില്‍ നിന്ന് മറ്റൊരു താരം കൂടി ക്ലബ് വിട്ടു. ചെന്നൈയിന്‍ എഫ്‌സിയുടെ റൊമാനിയന്‍ മിഡ്ഫീല്‍ഡര്‍ ഡ്രാഗോസ് ഫിര്‍ച്ചുലെസ്‌കാണ് ടീം വിട്ടത്. താന്‍ ക്ലബ് വിടുന്നതായി സോഷ്യല്‍ മീഡിയയിലൂടെയാണ് മിഡ് ഫീല്‍ഡര്‍ അറിയിച്ചത്.

ബള്‍ഗേറിയന്‍ ക്ലബ്ബായ എഫ്‌സി ടുനാവില്‍ നിന്നുമാണ് താരം കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്‌സിയിലേക്ക് വന്നത്.മുപ്പത്തിയൊന്നു കാരനായ ഡ്രാഗോസ് ടീമിനായി 16 മത്സരങ്ങളില്‍ നിന്നും ഒരു അസ്സിസ്റ്റ് നേടിയിരുന്നു. സ്ലാറ്റീനാ എഫ്‌സി ഉള്‍പ്പെടെ പത്തോളം റൊമാനിയന്‍ ക്ലബ്ബിനായി കളിച്ച ശേഷമാണ് ഡ്രാഗോസ് ഐഎസ്എല്ലില്‍ ബൂട്ടണിഞ്ഞത്.

നേരത്തെ ചെന്നൈയ്ക്ക് പരിശീലകന്‍ ഓവല്‍ കോയില്‍ ഉള്‍പ്പെടെ നിരവധി താരങ്ങളെ നഷ്ടമായിരുന്നു. ജംഷഡ്പൂരിലേക്കാണ് നിലവിലെ പരിശീലകനായ കോയല്‍ കൂടുമാറിയത്. കൂടാതെ നിരവധി താരങ്ങളും ഇതിനോടകം ചെന്നൈ എഫ്‌സി വിട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം ഫൈനലില്‍ എത്തിയ ചെന്നൈ ടീം നിലവില്‍ അടിമുടി മാറ്റത്തിന്റെ പാതയിലാണ്. പുതിയ കോച്ചിനെ ഉടന്‍ തന്നെ ചെന്നൈയിന്‍ പ്രഖ്യാപിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്.