സ്‌പാനിഷ്‌ ലീഗിൽ ഒരു യുഗം അവസാനിക്കുന്നു, അത്ലറ്റികോ മാഡ്രിഡ് വിടാൻ തീരുമാനിച്ച് ഡീഗോ സിമിയോണി

അത്ലറ്റികോ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ ഡീഗോ സിമിയോണി ക്ലബ് വിടാൻ തീരുമാനമെടുത്തതായി റിപ്പോർട്ടുകൾ. പതിനൊന്നു വർഷമായി അത്ലറ്റികോ മാഡ്രിഡിന്റെ പരിശീലകനായി തുടരുന്ന അർജന്റീനിയൻ സ്വദേശിയായ സിമിയോണി ഈ സീസണു ശേഷം ക്ലബ് വിടുമെന്നാണ് സ്‌പാനിഷ്‌ മാധ്യമമായ എൽ ചിരിങ്കുയിറ്റോ റിപ്പോർട്ടു ചെയ്യുന്നത്. ക്ലബ് അധികൃതരെ അദ്ദേഹം ഇക്കാര്യം അറിയിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അത്ലറ്റികോ മാഡ്രിഡിനായി ഏറ്റവുമധികം നേട്ടങ്ങൾ സ്വന്തമാക്കിയ പരിശീലകനാണ് ഡീഗോ സിമിയോണി. റയൽ മാഡ്രിഡ്, ബാഴ്‌സലോണ എന്നിവർ ഏറ്റവും കരുത്തരായിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം അത്ലറ്റികോ മാഡ്രിഡിനായി നേട്ടങ്ങൾ സ്വന്തമാക്കിയത്. റയലിനെയും ബാഴ്‌സയെയും അപേക്ഷിച്ച് കരുത്തുറ്റ ടീം അല്ലായിരുന്നിട്ടും അത്ലറ്റികോ മാഡ്രിഡ് യൂറോപ്പിലെ ക്ലബുകളുടെ പേടിസ്വപ്‌നമായിരുന്ന സീസൺ അദ്ദേഹം സമ്മാനിച്ചു.

അത്ലറ്റികോ മാഡ്രിഡിനൊപ്പം രണ്ടു ലാ ലിഗ നേടിയ സിമിയോണി രണ്ടു തവണ ടീമിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ചെങ്കിലും പരാജയം വഴങ്ങി. അതിനു പുറമെ ഒരു കോപ്പ ഡെൽ റേ, രണ്ടു യൂറോപ്യൻ സൂപ്പർകപ്പ്, രണ്ടു യൂറോപ്പ ലീഗ്, ഒരു സ്‌പാനിഷ്‌ സൂപ്പർകപ്പ് എന്നിവയും അദ്ദേഹം നേടി. സിമിയോണി മുഴുവൻ സീസൺ പരിശീലകനായിരുന്ന സമയത്തെല്ലാം അത്ലറ്റികോ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് യോഗ്യതയും നേടിയിരുന്നു.

സിമിയോണി ക്ലബ് വിടണമെന്ന തീരുമാനം അറിയിച്ചെങ്കിലും അതിനോട് അത്ലറ്റികോ മാഡ്രിഡ് എങ്ങിനെ പ്രതികരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ക്ലബിന് ഇത്രയും നേട്ടങ്ങൾ സ്വന്തമാക്കി നൽകിയ പരിശീലകൻ തുടരാൻ അവർ സമ്മർദ്ദം ചെലുത്താൻ സാധ്യതയുണ്ട്. ഇനി ഒരു വർഷം കൂടി സിമിയോണിക്ക് അത്ലറ്റികോ മാഡ്രിഡുമായി കരാറും ബാക്കി നിൽക്കുന്നു.

2020-21 സീസണിൽ അത്ലറ്റികോ മാഡ്രിഡിനൊപ്പം ലാ ലീഗ നേടിയതാണ് സിമിയോണിയുടെ അവസാനത്തെ കിരീടനേട്ടം. ഈ സീസണിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന ടീമിന് കിരീടപ്രതീക്ഷ കുറവാണെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയും. അതേസമയം അത്ലറ്റികോ മാഡ്രിഡ് വിടുകയാണെങ്കിൽ സിമിയോണിയുടെ അടുത്ത തട്ടകം എവിടെയാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

You Might Also Like