ബാഴ്‌സലോണ ചെയ്‌തതാണ്‌ ശരിയായ കാര്യം, റയൽ മാഡ്രിഡിനെതിരെ നേടിയ വിജയത്തിൽ അഭിനന്ദനവുമായി ഡീഗോ സിമിയോണി

റയൽ മാഡ്രിഡുമായി നടന്ന കോപ്പ ഡെൽ റേ സെമി ഫൈനൽ മത്സരത്തിൽ നാല് പ്രധാന താരങ്ങൾ ഇല്ലാതിരുന്നിട്ടും വിജയം നേടാൻ ബാഴ്‌സലോണക്ക് കഴിഞ്ഞിരുന്നു. പെഡ്രി, ലെവൻഡോസ്‌കി, ക്രിസ്റ്റൻസെൻ, ഡെംബലെ തുടങ്ങിയ താരങ്ങളാണ് മത്സരത്തിൽ പരിക്ക് കാരണം കളിക്കാതിരുന്നത്. എങ്കിലും റയലിനെതിരെ ശക്തമായി പൊരുതിയ ബാഴ്‌സലോണ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് സാന്റിയാഗോ ബെർണാബുവിൽ നേടിയത്.

പന്തടക്കവും ആക്രമണവും തങ്ങളുടെ ശൈലിയാക്കിയ ബാഴ്‌സലോണ റയൽ മാഡ്രിഡിനെതിരെ മറ്റൊരു ശൈലിയാണ് സ്വീകരിച്ചത്. പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞ അവർക്ക് ആകെ മുപ്പത്തിയഞ്ചു ശതമാനം പോസെഷനും നാല് ഷോട്ടുകളും മാത്രമാണ് ഉതിർക്കാൻ കഴിഞ്ഞത്. അതേസമയം പതിമൂന്നു ഷോട്ടുകൾ ഉതിർത്ത റയൽ മാഡ്രിഡ് ഒരിക്കൽ പോലും ഗോൾകീപ്പറെ പരീക്ഷിക്കാതെ നോക്കാൻ ബാഴ്‌സയ്ക്ക് കഴിഞ്ഞിരുന്നു.

ബാഴ്‌സലോണ റയൽ മാഡ്രിഡിനെതിരെ നടത്തിയ പ്രകടനത്തെ കഴിഞ്ഞ ദിവസം അത്ലറ്റികോ മാഡ്രിഡ് പരിശീലകനായ ഡീഗോ സിമിയോണി അഭിനന്ദിക്കുകയുണ്ടായി. ഇതുപോലെയുള്ള മത്സരങ്ങളിൽ വിജയം നേടാൻ ഇത്തരം ശൈലി അവലംഭിക്കുന്നതിൽ യാതൊരു കുഴപ്പവും ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിരോധത്തിലൂന്നിയ ശൈലിക്ക് പേരുകേട്ട പരിശീലകനാണ് സിമിയോണിയെന്നതും എടുത്തു പറയേണ്ടതാണ്.

“ഓരോ മത്സരത്തിനുമനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നത് ഫുട്ബോൾ ലോകത്ത് സ്വാഭാവികമായ കാര്യമാണ്. വിജയം നേടണമെന്ന് ബാഴ്‌സലോണക്ക് അറിയുന്നതിനാൽ തന്നെ അതിനു കഴിയുന്ന രീതിയിൽ അവർ കളിച്ചു. വാക്കുകൾ വാക്കുകളെയും പ്രവൃത്തികൾ പ്രവൃത്തികളായും തുടരും. പ്രതിരോധം നല്ല രീതിയിൽ സംഘടിച്ചു നിന്നാണ് മത്സരത്തിൽ വിജയം നേടിയത്. ബാഴ്‌സലോണയ്ക്ക് എന്റെ എല്ലാ അഭിനന്ദനങ്ങളും.” സിമിയോണി പറഞ്ഞു.

ലീഗിൽ ബാഴ്‌സലോണ ഒന്നാം സ്ഥാനത്തും റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തുമാണ്. രണ്ടു ടീമുകളും തമ്മിൽ ഏഴു പോയിന്റിന്റെ വ്യത്യാസമുണ്ട്. റയൽ സോസിഡാഡ് മൂന്നാം സ്ഥാനത്തു നിൽക്കുമ്പോൾ അത്ലറ്റികോ മാഡ്രിഡ് നാലാം സ്ഥാനത്താണ്. നിലവിൽ ബാഴ്‌സലോണയും റയൽ മാഡ്രിഡിനും മാത്രമേ കിരീടം നേടാനുള്ള സാധ്യത നിലനിൽക്കുന്നുള്ളൂ.

You Might Also Like