കൂമാനും ഡെമ്പെലെയെ കൈവിടുന്നു, ഡെമ്പെലെ ജനുവരി ട്രാൻഫറിൽ തന്നെ പുറത്തേക്ക്

സമ്മർ ട്രാൻസ്ഫറിൽ ബാഴ്സയുടെ പ്രധാന ലക്ഷ്യമായിരുന്നു ലിയോണിന്റെ മെംഫിസ് ഡീപേ. ലൂയിസ് സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിലേക്കും ചേക്കേറിയതോടെ സ്‌ട്രൈക്കറെ സ്വന്തമാക്കുകയെന്നത് ബാഴ്സയുടെ പ്രധാന ലക്ഷ്യമായിരുന്നു. എന്നാൽ അതിനായി ട്രാൻസ്ഫറിലൂടെ പണം കണ്ടെത്താനാണ് ബാഴ്സ ശ്രമിച്ചിരുന്നത്. അത്തരത്തിലൊരു നീക്കമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഡെമ്പെലെയെ ലോണിൽ വിടാനുള്ള ബാഴ്സയുടെ ശ്രമങ്ങൾ.

എന്നാൽ ഡെമ്പെലെ വിസമ്മതിച്ചതിനെത്തുടർന്ന് ബാഴ്സയുടെ ശ്രമം വിഫലമാവുകയായിരുന്നു. എന്നാലിപ്പോൾ പരിശീലകൻ കൂമാന് താരത്തിലുള്ള വിശ്വാസം കുറഞ്ഞു വന്നതോടെ ലോണിൽ വിടുന്നതിനു പകരം വിറ്റൊഴിവാക്കാനുള്ള ശ്രമത്തിലാണ് ബാഴ്സയുള്ളത്. നിലവിലുള്ള കരാർ പുതുക്കിയില്ലെങ്കിൽ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ താരത്തെ വിപണിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് ബാഴ്സയുടെ പക്ഷം.

യുവപ്രതിഭ അൻസു ഫാറ്റിയുടെ മികച്ച പ്രകടനമാണ് ഡെമ്പെലെയുടെ അവസരങ്ങൾ കുറഞ്ഞുവരുന്നത്. ഒപ്പം ഇടയ്ക്കിടെ വരുന്ന പരിക്കുകളും താരത്തിലുള്ള ബാഴ്സയുടെ ആത്മവിശ്വാസം കുറക്കുന്നുണ്ട്. ഡെമ്പെലേക്ക് ഇനി ഒരു വർഷം കൂടിയേ ബാഴ്സയിൽ കരാറുള്ളു. ഫ്രീ ട്രാൻസ്ഫറിൽ പുറത്തു പോവാതെ താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമത്തിലാണ് ബാഴ്സ.

105 മില്യൺ യൂറോ താരത്തിനു വേണ്ടി ചിലവാക്കിയെങ്കിലും നിലവിൽ ആ തുകക്ക് ഡെമ്പെലേയെ ഒരു ക്ലബും സ്വന്തമാക്കാനൊരുങ്ങില്ലെന്നു മനസിലാക്കിയ ബാഴ്സ 50മില്യൺ യൂറോക്ക് മുകളിലുള്ള തുകയാണ് താരത്തിനായി പ്രതീക്ഷിക്കുന്നത്. നിരവധി പ്രീമിയർ ലീഗ്‌ ക്ലബ്ബുകൾ താരത്തിൽ താത്പര്യം പ്രകടിപ്പിക്കുന്നതിനാൽ ഈ ജനുവരിയിൽ തന്നെ നിശ്ചയിച്ച തുകക്ക് തന്നെ താരത്തെ വിൽക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബാഴ്സ.

You Might Also Like