സിൽവ ഇനി ലാലിഗയിൽ പന്തുതട്ടും, അപ്രതീക്ഷിത നീക്കത്തിൽ രോഷാകുലരായി ലാസിയോ

Image 3
FeaturedFootball

മുപ്പത്തിനാലുകാരനായ ഡേവിഡ് സിൽവയുമായി കരാറിലെത്തിയതായി സ്പാനിഷ് ക്ലബ് റയൽ സോസിഡാഡ് ഒഫീഷ്യൽ വെബ്സൈറ്റിലൂടെ അറിയിച്ചു. ഇതോടെ വമ്പൻ വാഗ്ദാനങ്ങളുമായി മാസങ്ങളോളം താരത്തിനു പിന്നാലെയുണ്ടായിരുന്ന ഇറ്റാലിയൻ ക്ലബ്ബ് ലാസിയോയ്ക്ക് ഇത് വൻ തിരിച്ചടിയായിരിക്കുകയാണ്. തികച്ചും അപ്രതീക്ഷിതമായ ഒരു ട്രാൻസ്ഫർ ആയിരുന്നു ഇത്.

താരം ലാസിയോയിലേക്ക് ചേക്കേറും എന്ന കനത്ത അഭ്യൂഹങ്ങൾക്കിടയിലാണ് സിൽവ സോസിഡാഡ് തിരഞ്ഞെടുത്തത്. താരം തന്റെ ജന്മനാടായ സ്പെയിനിലേക്ക് തന്നെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് വർഷത്തെ കരാറിലാണ് സിൽവ ഒപ്പുവെച്ചിരിക്കുന്നത്. മാർട്ടിൻ ഒഡഗാർഡ് ലോണിന് ശേഷം റയലിലേക്ക് പോയതോടെ ആ സ്ഥാനത്തേക്കാണ് സിൽവയുടെ വരവ്.

ഒഡഗാർഡിന്റെ ഇരുപത്തിയൊന്നാം നമ്പർ ജേഴ്സിയാണ് സിൽവ അണിയുക എന്നും ക്ലബ് അറിയിച്ചിട്ടുണ്ട്. സിറ്റിയിലെ പത്ത് വർഷത്തെ മികവുറ്റ കരിയറിന് ശേഷമാണ് താരം സിറ്റി വിടുന്നത്. 436 മത്സരങ്ങളാണ് താരം സിറ്റിക്ക് വേണ്ടി കളിച്ചത്. ചാമ്പ്യൻസ് ലീഗിൽ ലിയോണിനോടുള്ള മത്സരമായിരുന്നു താരത്തിന്റെ അവസാനമത്സരം.

സിറ്റിക്കൊപ്പം നാലു പ്രീമിയർ ലീഗ്, അഞ്ച് ലീഗ് കപ്പ്, രണ്ട് എഫ്എ കപ്പ്, മൂന്ന് കമ്മ്യൂണിറ്റി ഷീൽഡ് എന്നിവ താരം നേടിയിട്ടുണ്ട്. താരത്തോടുള്ള ആദരസൂചകമായി എത്തിഹാദ് സ്റ്റേഡിയത്തിന് പുറത്ത് താരത്തിന്റെ പ്രതിമ നിർമിക്കുമെന്ന് സിറ്റി അറിയിച്ചിട്ടുണ്ട്. റയൽ സോസിഡാഡിലേക്കുള്ള അപ്രതീക്ഷിത നീക്കം ലാസിയോയെ ചൊടിപ്പിച്ചിട്ടുണ്ട്.