തകർപ്പൻ ഫ്രീകിക്കിലൂടെ നൂറാം ഗോൾ, പോർച്ചുഗലിനായി ചരിത്രം കുറിച്ച് ക്രിസ്ത്യാനോ റൊണാൾഡോ

ക്രിസ്ത്യാനോ-പോർച്ചുഗൽ ആരാധകരുടെ കാത്തിരിപ്പിന് അങ്ങനെ വിരാമാമായി. ക്രിസ്ത്യാനോ റൊണാൾഡോ മികച്ച പ്രകടനം കാഴ്ച്ച വെച്ച മത്സരത്തിൽ താരം നേടിയ രണ്ട് ഗോളുകൾക്കാണ് പോർച്ചുഗൽ സ്വീഡനെ തകർത്തു വിട്ടത്. തന്റെ നൂറാം ഗോൾ ഒരു അത്യുജ്ജ്വല ഫ്രീകിക്കിലൂടെയാണ് ക്രിസ്ത്യാനോ സ്വന്തമാക്കിയത്.

അന്താരാഷ്ട്ര ജേഴ്സിയിൽ നൂറ് ഗോളുകൾ പൂർത്തിയാക്കുന്ന ആദ്യ യൂറോപ്യൻ താരമാണ് ക്രിസ്ത്യാനോ. ഏകദേശം പത്ത് മാസങ്ങൾക്ക് മുമ്പ് ലക്‌സംബർഗിനെതിരെ റൊണാൾഡോ 99 ഗോളുകൾ നേടിയിരുന്നു. എന്നാൽ നൂറാം ഗോളിന് കോവിഡ് കാരണം ആരാധകരുടെ കാത്തിരിപ്പ് നീളുകയായിരുന്നു. എന്നാൽ സ്വീഡനെതിരെ സൂപ്പർ താരം തന്റെ ആരാധകരെ നിരാശരാക്കിയില്ല. ഇന്നലെ നേടിയ രണ്ട് ഗോളുകളും മികച്ച ഗോളുകളായിരുന്നു.

ബെർണാഡോ സിൽവ, ക്രിസ്ത്യാനോ റൊണാൾഡോ, ജാവോ ഫെലിക്സ് എന്നിവരായിരുന്നു പോർച്ചുഗലിന്റെ ആക്രമണനിര. പരിക്കേറ്റു ബെർണാഡോ സിൽവക്ക് ആദ്യ പകുതിയിലെ കളം വിടേണ്ടി വന്നിരുന്നു. എന്നാൽ ഗോൾ നേടാൻ നാല്പത്തിയഞ്ചു മിനുട്ടുകൾ വേണ്ടി വന്നു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് ഒരു ഉജ്ജ്വല ഫ്രീകിക്കിലൂടെയാണ് റൊണാൾഡോ പോർച്ചുഗലിന്റെ ആദ്യഗോളും തന്റെ നൂറാം ഗോളും കണ്ടെത്തിയത്.

അതിന് മുമ്പ് 44-ആം മിനിറ്റിൽ സ്വീഡൻ താരം ഗുസ്താവ് രണ്ടാം മഞ്ഞകാർഡ് കണ്ടു പുറത്തു പോയത് സ്വീഡന് തിരിച്ചടിയായിരുന്നു. 72-ആം മിനിറ്റിൽ റൊണാൾഡോ തന്നെയാണ് പോർച്ചുഗലിന്റെ രണ്ടാം ഗോളും കണ്ടെത്തിയത്. ഫെലിക്സിന്റെ മികച്ചൊരു മുന്നേറ്റത്തിൽ റൊണാൾഡോക്ക് കിട്ടിയ പന്ത്‌ ബോക്സിനു തൊട്ടു വെളിയിൽ വെച്ച് തൊടുത്ത മികച്ചൊരു ഷോട്ട് സ്വീഡന്റെ ഗോൾകീപ്പറെ നിഷ്പ്രഭനാക്കി വലയിൽ കയറുകയായിരുന്നു.ഇതോടെ രണ്ട് മത്സരങ്ങളിലും ജയം നേടിയ പോർച്ചുഗൽ ഒന്നാമതെത്തി.

You Might Also Like