ക്രിസ്ത്യാനോ വന്നതോടെ യുവന്റസ് കൂടുതൽ മോശമാവുകയാണുണ്ടായത്, മുൻ ഇറ്റാലിയൻ താരം പറയുന്നു

യുവൻ്റസിൻ്റെ സൂപ്പർ താരം ക്രിസ്ത്യാനോ ഒരു സ്വാർത്ഥനായ കളിക്കാരനാണെന്നു അടുത്തിടെ അഭിപ്രായപ്പെട്ട മുൻ ഇറ്റാലിയൻ താരമാണ് അന്റോണിയോ കസാനോ. സീരി എയിൽ ഹെല്ലാസ് വെറോണക്കെതിരെ യുവന്റസിനു സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നതോടെ വീണ്ടും ക്രിസ്ത്യനോയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കസാനോ.

യുവന്റസിനു ചാമ്പ്യൻസ്‌ലീഗിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കാത്തതിന്റെ കാരണവും ക്രിസ്ത്യാനോയുടെ വരവാണെന്നാണ് കസാനോയുടെ പക്ഷം. ഒന്നാം സ്ഥാനക്കാരായ ഇന്റർ മിലാനുമായുള്ള പോയിന്റ് വ്യത്യാസം ഏഴായി ഉയർന്നതോടെ നിലവിൽ സീരി എ കിരീടവും നഷ്ടപ്പെടാനുള്ള സാധ്യത ഉയർന്നതോടെയാണ് കാസാനോയുടെ പുതിയ പരാമർശം. ഇറ്റാലിയൻ മാധ്യമമായ കൊറിയർ ‌ ഡെല്ലോ സ്പോർട്ടിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“യുവന്റസ് അവനെ സ്വന്തമാക്കിയത് ചാമ്പ്യൻസ്‌ലീഗ് നേടാനാണ്. പക്ഷെ അവനൊപ്പം അവർ മുൻപത്തേതിനേക്കാൾ ഏറ്റവും മോശം സാഹചര്യത്തിലേക്ക് പോവുകയാണുണ്ടായത്. അവനില്ലാതെയാണെങ്കിൽ അവർ ലീഗ് കിരീടം വരെ നേടിയേനെ. അതൊരു യോജിക്കാത്ത പ്രൊജക്റ്റ്‌ ആയിരുന്നു.”

“അവൻ ഗോളുകൾ നേടിക്കൊണ്ടിരിക്കും. കാരണം എന്തായാലും അവൻ അത് നേടിയെടുത്തിരിക്കും എന്നത് ഉറപ്പായ കാര്യമാണ്. അവൻ ഇടതു കാലിൽ നിന്നും പന്ത് വലത്തേ കാലിലേക്ക് മാറ്റി ഗോളടിച്ചു കേറ്റും.അവന്റെ ഹെഡറുകൾ സമാനതകളില്ലാത്തതാണ്. പക്ഷെ പിർലോക്ക് കളിമെനയുന്നതിലാണ് ആഗ്രഹം. എതിരാളികളുടെ സമ്മർദ്ദത്തിലാക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിന്റെ അർത്ഥം ക്രിസ്ത്യാനോ കളിയിൽ കൂടുതൽ പങ്കാളിത്തം കാണിക്കുന്നില്ലായെന്നതാണ്. ചാമ്പ്യൻസ്‌ലീഗ് നേടാതെ അവൻ ഏതു ചെയ്താലും മോശം പ്രകടനമാണെന്നേ പറയുള്ളൂ.” കസാനോ പറഞ്ഞു.

You Might Also Like