പോർട്ടൊക്കെതിരായ അപ്രതീക്ഷിത തോൽവി, പെനാൽറ്റി കിട്ടാത്തതിൽ റഫറിയോട് രോഷാകുലനായി ക്രിസ്ത്യാനോ

പോർട്ടോയുടെ തട്ടകത്തിൽ നടന്ന ചാമ്പ്യൻസ്‌ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് യുവന്റസിനു അപ്രതീക്ഷിത തോൽവിയേറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്. പോർട്ടോക്കായി മെഹ്‌ദി ടാരെമിയും മൂസ മാരേഗയും ഗോളുകൾ നേടിയപ്പോൾ യുവന്റസിനായി ഏക എവേ ഗോൾ സ്വന്തമാക്കിയത് ഫെഡറികോ കിയേസയാണ്‌. സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ നിറം മങ്ങിയ മത്സരം കൂടിയായിരുന്നു ഇത്.

യുവന്റസിനൊപ്പം ക്രിസ്ത്യാനോക്ക് മികച്ച അവസരങ്ങൾ ലഭിച്ചുവെങ്കിലും ഗോൾ നേടാൻ ക്രിസ്ത്യാനോനോക്ക് കഴിയാതെ പോവുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ യുവന്റസ് പ്രതിരോധതാരം ഡെമിറലിന്റെ പിഴവ് മുതലെടുത്തു മെഹ്‌ദി ടാരെമി പോർട്ടോക്ക് ലീഡ് കണ്ടെത്തുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും പോർട്ടോ മൂസ മരേഗയുടെ ഗോളിൽ ലീഡ് നേടിയതോടെ യുവന്റസ് സമ്മർദത്തിലാവുകയായിരുന്നു.

82ആം മിനുട്ടിൽ ഫെഡറികോ കിയേസയുടെ ഗോളിൽ മത്സരത്തിലേക്ക് തിരിച്ചെത്തിയെങ്കിലും തോൽവി പിണയുകയായിരുന്നു. മത്സരത്തിന്റെ അവസാനവിസിലിനു മുമ്പേ പെനാൽറ്റി ബോക്സിൽ റൊണാൾഡോയെ വീഴ്ത്തിയതിന് പെനാൽറ്റിക്കു വേണ്ടി അപ്പീൽ ചെയ്തെങ്കിലും റഫറി അത് നിഷേധിക്കുകയായിരുന്നു. പിന്നീട് അത് വീഡിയോ റഫറിയിങ്ങിനു വിടുകയായിരുന്നു.

പോർട്ടോ പ്രതിരോധതാരം സൈദു സനുസിയുടെ കാലിൽ തട്ടി വീണത് വീഡിയോ റഫറി പരിശോധിച്ചുവെങ്കിലും പെനാൽറ്റിയല്ലെന്നു വിധിക്കുകയായിരുന്നു. മത്സരശേഷവും പെനാൽറ്റി നൽകാത്തതിൽ രോഷാകുലനായി റഫറിയോട് ക്രിസ്ത്യാനോ തർക്കിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാമായിരുന്നു. ക്രിസ്ത്യാനോക്ക് പിന്നാലെ പരിശീലകനായ പിർലോയും പെനാൽറ്റി നല്കാത്തതിന്റെ കാരണമറിയാൻ റഫറിയെ സമീപിച്ചിരുന്നു.

You Might Also Like