കോവിഡ് പടർന്നു പിടിക്കുന്നു, പ്രീമിയർ ലീഗിൽ വൻ പ്രതിസന്ധി

Image 3
EPLFeaturedFootball

പ്രീമിയർ ലീഗ്‌ ഫുട്ബോളിന് കാണികളെ നഷ്ടമായതിനു പിന്നാലെ താരങ്ങളിലേക്കും കോവിഡ് പടർന്നു പിടിക്കുകയാണ്. പ്രീമിയർ ലീഗിലെ കൂടുതൽ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും സെൽഫ് ഐസൊലേഷനിലും ക്വാറന്റയിനിലും ഇരിക്കേണ്ടി വന്നതാണ് പ്രീമിയർ ലീഗിനു കൂടുതൽ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്.

പ്രീമിയർ ലീഗ്‌ പുതിയ സീസൺ ആരംഭിക്കാൻ ആഴ്ച്ചകൾ മാത്രമേ ബാക്കിയുള്ളൂ. ഏതാനും ദിവസങ്ങൾക്കുമുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും താരത്തെ ഫ്രഞ്ച് ടീമിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇനിയും പത്ത് ദിവസമെങ്കിലും ചുരുങ്ങിയത് പോഗ്ബ സെൽഫ് ഐസൊലേഷൻ തുടരണം. അതിനാൽ തന്നെ പുതിയ സീസണിന്റെ ആദ്യ കുറച്ചു മത്സരങ്ങൾ താരത്തിന് നഷ്ടമായേക്കും.

ഇംഗ്ലണ്ട് ടീമിലെ അഞ്ച് പ്രമുഖതാരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി പരിശീലകൻ സൗത്ത് ഗേറ്റ് വെളിപ്പടുത്തിയിരുന്നു. എല്ലാ താരങ്ങളും ഇപ്പോൾ സെൽഫ് ഐസൊലേഷനിലാണ്. സൂപ്പർതാരങ്ങൾ അവധിക്കാലം ചിലവിടാൻ വിദേശരാജ്യങ്ങളിൽ പോയതാണ് ഇപ്പോൾ കോവിഡ് വ്യാപനത്തിനിടയാക്കിയിരിക്കുന്നത്. അതേസമയം ചെൽസിയുടെ എട്ട് താരങ്ങൾ കോവിഡ് ഭീഷണി മൂലം ക്വാറന്റയിനിൽ ആണെന്ന് ലംപാർഡ് ഔദ്യോഗികമായി അറിയിച്ചിരുന്നു.

സൂപ്പർതാരങ്ങളായ മേസൺ മൗണ്ട്, ടമ്മി എബ്രഹാം എന്നീ ഇംഗ്ലീഷ് താരങ്ങളും ഫികയോ ടോമോറി, ക്രിസ്ത്യൻ പുലിസിച്ച് എന്നിവർ സെൽഫ് ഐസൊലേഷനിലും ജോർജിഞ്ഞോ, ബാർക്ലി, എമേഴ്‌സൺ, ബാത്ഷ്വായി എന്നിവർ ക്വാറന്റയിനിലുമാണെന്നാണ് ലംപാർഡ് സ്ഥിരീകരിച്ചത്. കൂടാതെ ടോട്ടൻഹാം മിഡ്ഫീൽഡർ എൻഡോമ്പേലെക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ആഴ്‌സണലിൽ എമിലിയാനോ മാർട്ടിനെസും നിരീക്ഷണത്തിലാണ്.