പക വീട്ടാനുളളതാണെന്ന് തെളിയിച്ച് കുട്ടീഞ്ഞോ, ബാഴ്‌സയെ തേടി മറ്റൊരു പ്രഹരവും
ബാഴ്സയുമായുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മധുര പ്രതികാരമെന്നോണം ഇരട്ടഗോളുകളോടെ മികച്ച പ്രകടനമാണ് ബയേണിനു വേണ്ടി കൂട്ടീഞ്ഞോ നടത്തിയത്. ബാഴ്സയിൽ നിന്നും ലോണിലാണ് താരം കളിക്കുന്നതെങ്കിലും തിരികെ ബാഴ്‌സയിലേക്ക് പോകാൻ താരത്തിനു താത്പര്യമില്ലെന്നാണ് അടുത്തിടെ കൂട്ടീഞ്ഞോ അറിയിച്ചത്.
ഇപ്പോൾ പകരക്കാരനായി വന്നു ഗോളടിച്ചു ബാഴ്‌സയെ ചാമ്പ്യൻസ്‌ലീഗിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്. 2018ലാണ് ലിവർപൂളിൽ നിന്നും 135 മില്യൺ യൂറോക്ക് ഫിലിപ്പെ കൂട്ടീഞ്ഞോയെ ബാഴ്‌സ വാങ്ങുന്നത്. എന്നാൽ ബാഴ്സയിൽ വിചാരിച്ചത്ര തിളങ്ങാൻ സാധിക്കാതെ വരികയും ബാഴ്‌സ ബയേണിലേക്ക് ലോണിൽ വിടുകയുമായിരുന്നു.
THE FINAL INSULT: Barcelona face paying Liverpool £4.5m if Coutinho wins the Champions League with Bayern Munich https://t.co/okj8NDXOLq
— Mail Sport (@MailSport) August 15, 2020
എന്നാൽ ക്ലബ്ബ് തന്നോട് കാണിച്ച നെറികേടിൽ അസംതൃപ്തനായിരുന്നു കൂട്ടീഞ്ഞോ. ഈ സീസണോടെ ലോൺ ഡീലിന്റെ കാലാവധി അവസാനിക്കുമെങ്കിലും താരത്തിനു ബാഴ്‌സയിലേക്ക് തിരികെ വരുന്നതിനു താത്പര്യമില്ലെന്നാണ് റിപോർട്ടുകൾ.
ബയേണുമായുള്ള വമ്പൻ തോൽവിക്ക് ശേഷം മറ്റൊരു തിരിച്ചടിയും കൂടി ബാഴ്‌സക്ക് നേരിടേണ്ടി വരും. ബയേണിനൊപ്പം കൂട്ടിഞ്ഞോ ചാമ്പ്യൻസ്‌ലീഗ് നേടിയാൽ ബാഴ്‌സ ലിവർപൂളിന് 5 മില്യൺ യൂറോ നൽകേണ്ടി വരും.
ലിവർപൂളുമായുള്ള കരാറിൽ ഇങ്ങനെ ഒരു ഉടമ്പടി കൂടി ബാഴ്സയ്ക്കുണ്ടായിരുന്നു. കൂടാതെ ബാഴ്സയിൽ 100 മത്സരങ്ങൾ തികച്ചാൽ 20 മില്യൺ യൂറോ കൂടി കൊടുക്കേണ്ടി വരും. ഇതുവരെ 76 മത്സരങ്ങളാണ് താരം ബാഴ്‌സക്ക് വേണ്ടി കളിച്ചിട്ടുള്ളത്.
എന്നാൽ ഈ കാരണത്താൽ സീസണോടെ താരത്തിനെ വിറ്റൊഴിവാക്കാനോ അല്ലെങ്കിൽ മറ്റൊരു ലോൺ ഡീലിനോ ആണ് ബാഴ്‌സ ശ്രമിക്കുക. സെമിയിൽ ബയേൺ സിറ്റി-ലിയോൺ മത്സരവിജയികളെയായിരിക്കും നേരിടുക.