ബ്ലാസ്‌റ്റേഴ്‌സ് മോഹിപ്പിക്കുന്നു, ആവേശം വാക്കുകള്‍ക്കതീതം, കോസ്റ്റ സംസാരിക്കുന്നു

കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ട സിംബാബ് വെ താരം കോസ്റ്റ നമോനി,ു ആവേശത്തിലാണ്. പുതിയ സംസ്‌കാരവും ആരാധകരേയും നേരിട്ട് പരിചയപ്പെടാനാകും എന്നത് ആവേശകരമായ അനുഭവമാണെന്ന് കോസ്റ്റ പറയുന്നു. കേരള ബ്ലാസ്റ്റേഴ്‌സുമായി ഒരു വര്‍ഷത്തെ കരാര്‍ ഒപ്പിട്ട ശേഷം സംസാരിക്കുകയായിരുന്നു കോസ്റ്റ.

സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മികച്ച ഒരു പദ്ധതിയുണ്ടെന്നും തന്റെ പുതിയ സഹതാരങ്ങളെ കണ്ടുമുട്ടുന്നതും പുതിയ സംസ്‌കാരങ്ങള്‍ പഠിക്കുന്നതും എന്നെ മോഹിപ്പിക്കുകയും ജിജ്ഞാസ ഉണര്‍ത്തുകയും ചെയ്യുന്നുണ്ടെന്നും കോസ്റ്റ നമോയിന്‍സു പറഞ്ഞു.

ക്ലബ്ബിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നതിന് പരമാവധി ശ്രമിക്കും. ആരാധകര്‍ നല്‍കുന്ന ആവേശം വളരെ അധികം ആകര്‍ഷിക്കുന്നുണ്ട്. ഊര്‍ജ്ജസ്വലവും ശക്തവും ആത്യാവേശവും നിറഞ്ഞ ആരാധകവൃന്ദമുള്ള ഒരു ക്ലബ് സ്റ്റേഡിയത്തില്‍ മികച്ച പ്രകടനം അര്‍ഹിക്കുന്നുണ്ട്. തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് മാനേജ്‌മെന്റിനും ഒപ്പം ക്ലബിനെ പരിചയപ്പെടുത്തിയതിന് ഏജന്റിനും നന്ദി പറയുന്നു. കേരളത്തെയും ക്ലബിനെയും കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹിക്കുകയാണ്. ‘ഒരേയൊരു പ്രണയം, മഞ്ഞപ്പടയോട്’. കേരള ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിടുന്നതില്‍ ആവേശഭരിതനായ കോസ്റ്റ പറഞ്ഞു.

ഹരാരെയില്‍ നിന്നുള്ള താരം സിംബാബ്വെന്‍ ക്ലബ്ബായ അമാസുലു എഫ്‌സിക്കൊപ്പമാണ് സീനിയര്‍ കരിയര്‍ തുടങ്ങിയത്. 2005ല്‍ മാസ്വിങോ യുണൈറ്റഡിനൊപ്പം ചേര്‍ന്നു. സിംബാബ്വെ പ്രീമിയര്‍ സോക്കര്‍ ലീഗിലെ ഒരു സീസണിനുശേഷം 2007ല്‍ പോളണ്ടിലേക്ക് മാറി. വായ്പ അടിസ്ഥാനത്തില്‍ കെഎസ് വിസ്ല ഉസ്‌ത്രോണിയങ്കയ്ക്കായി കളിച്ച താരം 2008 മുതല്‍ രണ്ടു സീസണുകളിലായി പോളിഷ് ടീമായ സാഗ്ലെബി ലൂബിന് വേണ്ടിയും പ്രതിരോധം കാത്തു. ടീമിലെ മികച്ച പ്രകടനം താരത്തിന് ക്ലബ്ബില്‍ സ്ഥിരം കരാറും നേടിക്കൊടുത്തു.

ലൂബിന് വേണ്ടി 136 മത്സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകള്‍ നേടിയ കോസ്റ്റ പോളിഷ് ലീഗിലെ ഏറ്റവും മൂല്യമുള്ള സെന്റര്‍ ബാക്ക് ആയും മാറി. 2013ലാണ് ചെക്ക് ഫുട്‌ബോള്‍ വമ്പന്‍മാരായ സ്പാര്‍ട്ട പ്രാഗിലേക്കുള്ള കൂടൂമാറ്റം. ക്ലബ്ബിന് വേണ്ടി ഏഴു സീസണുകളിലായി ഇരുനൂറിലധികം മത്സരങ്ങള്‍ കളിച്ചു. ഒപ്പം ക്ലബ്ബിന്റെ യൂറോപ്പ ലീഗ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് കാമ്പയിനുകളില്‍ നായകസ്ഥാനവും വഹിച്ചു. ഈ കാലയളവില്‍ ഒമ്പത് ഗോളുകളും കോസ്റ്റ നേടി.

You Might Also Like