കണ്ണുതള്ളുന്ന കോടികള്‍, സാനെയെ റാഞ്ചി ബുണ്ടസ്‌ലീഗ വമ്പന്‍മാര്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം ലെറോയ് സാനെയെ റാഞ്ചി ബുണ്ടസ്‌ലീഗ ക്ലബ് ബയേണ്‍ മ്യൂണിക്ക്. വിവിധ ജര്‍മ്മന്‍ മാധ്യമങ്ങളാണ് സാനെ ബയേണിലെത്തിയതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ച് വര്‍ഷത്തേക്കാണ് സാനെയുമായി ബയേണ്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

ഒരു മാസം മുമ്പ് തന്നെ ഇരുപത്തിനാലുകാരന്‍ ജര്‍മന്‍ വിംഗര്‍ സിറ്റിയുമായുളള കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചതായി മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള തന്നെ വെളിപ്പെടുത്തിയിരുന്നു. സിറ്റിയില്‍ മികച്ച പ്രകടനം നടത്തിയിരുന്ന സാനെ പരിക്ക് പറ്റി മാസങ്ങളോളം പുറത്തായിരുന്നു.

ജര്‍മന്‍ മാധ്യമമായ ബില്‍ഡ് ആണ് സാനെ ബുണ്ടസ്‌ലിഗ ചാമ്പ്യന്മാരുമായി കരാറുറപ്പിച്ചതായി സ്ഥിരീകരിച്ചത്. കരാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും വന്‍ തുകയാണ് സാനെയ്ക്കായി ബയേണ്‍ മുടക്കിയതെന്നാണ് സൂചന.

ബയേണുമായുള്ള കരാറൊപ്പിട്ടതോടെ സാനെയുടെ നാലു വര്‍ഷത്തെ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള ബന്ധത്തിനാണ് വിരാമം കുറിക്കുന്നത്. സിറ്റിയ്‌ക്കൊപ്പം ജര്‍മന്‍ വിംഗര്‍ രണ്ടു പ്രീമിയര്‍ ലീഗും രണ്ടു ഇ എഫ് എല്‍ കപ്പുകളും ഒരു എഫ് എ കപ്പും നേടിയിരുന്നു.

You Might Also Like