പ്രീമിയർ ലീഗിലെ മോശം തുടക്കം, സൂപ്പർപരിശീലകനായി സിറ്റിയും യുണൈറ്റഡും കൊമ്പുകോർക്കുന്നു.
ഒരു വർഷം മുൻപാണ് അർജന്റീനിയൻ പരിശീലകനായ മൗറിസിയോ പൊചെട്ടിനോയെ ടോട്ടനം ഹോട്സ്പർ പുറത്താക്കിയത്. എന്നാൽ അതിനു ശേഷം ബാഴ്സലോണയും റയൽ മാഡ്രിഡുമടക്കം നിരവധി ക്ലബ്ബുകൾ പൊചെട്ടീനോയിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ഏറ്റവുമടുത്തു മാഞ്ചസ്റ്റർ യുണൈറ്റഡാണ് അർജന്റീനിയൻ പരിശീലകനായി രംഗത്തെത്തിയിരുന്നത്.
പുതിയ സീസണിൽ മികച്ച താരങ്ങളുണ്ടായിട്ടും മോശം പ്രകടനം കാഴ്ച വെച്ചതോടെ യുണൈറ്റഡ് പരിശീലകനായ ഒലെ ഗണ്ണാർ സോൾക്ഷേറിന്റെ ഭാവി തുലാസിലായിരിക്കുകയാണ്. ടോട്ടനം ഹോട്ട്സ്പറിനെതിരെ സ്വന്തം തട്ടകത്തിൽ ആറു ഗോളിന്റെ ദയനീയ തോൽവിക്കു ശേഷമാണ് യുണൈറ്റഡിനു ഒലെയിലുള്ള വിശ്വാസത്തിനു ക്ഷതമേറ്റിരിക്കുന്നത്.
പൊചെട്ടിനോക്കായി യുണൈറ്റഡ് മാത്രമല്ല ഇപ്പോൾ രംഗത്തുള്ളത്. ഇത്തവണ ലീഗ് കിരീടമെങ്കിലും നേടിയില്ലെങ്കിൽ പെപ് ഗാർഡിയോളയുടെയും ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പകരക്കാരനായി പൊചെട്ടിനോയെയാണ് സിറ്റി ലക്ഷ്യമിട്ടിരിക്കുന്നത്. വെറും ഏഴു മാസം മാത്രം ഗാർഡിയോളക്ക് സിറ്റിയിൽ കരാറുള്ളുവെന്നതും പുതുക്കാനായി സിറ്റി ഇതുവരെ മുന്നോട്ടുവന്നിട്ടില്ലെന്നതും അഭ്യൂഹങ്ങൾക്ക് ശക്തി കൂട്ടുന്നുണ്ട്.
സിറ്റിയുടെ പ്രധാനലക്ഷ്യമായ ചാമ്പ്യൻസ്ലീഗിൽ നിന്നും ലിയോണിനോട് പുറത്തായതും പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ ലൈസസ്റ്ററിനോട് 5 ഗോളുകൾക്ക് തോൽവിയറിഞ്ഞതും പുതിയതായി സ്ഥാനക്കയറ്റം കിട്ടിയ ലീഡ്‌സിനെതിരെ സമനില പിടിച്ചതെല്ലാം പെപ് ഗാർഡിയോളക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എന്തായാലും മാഞ്ചസ്റ്ററിൽ നിന്ന് ഇരു ക്ലബ്ബുകളും പോചെട്ടിനോക്കായി രംഗത്തിറങ്ങിയതോടെ പൊചെട്ടിനോയുടെ പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവിനാണ് കളമൊരുങ്ങുന്നത്.