ആ സൂപ്പര്‍ താരം ബ്ലാസ്റ്റേഴ്‌സില്‍ തുടരും, ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത
ഐഎസ്എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് സ്പാനിഷ് അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ സെര്‍ജിയോ സിഡോന്‍ചയുമായി കരാര്‍ പുതുക്കി. രണ്ട് വര്‍ഷത്തേക്കാണ് സിഡോയുമായുളള കരാര്‍ കേരള ക്ലബ് പുതുക്കിയിരിക്കുന്നത് എന്നാണ് സൂചന. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ മാര്‍ക്കസ് മെര്‍ഗുളാനോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
Cidoncha will stay with Kerala Blasters. https://t.co/JNdKj56U6Y
— Marcus Mergulhao (@MarcusMergulhao) July 26, 2020
നേരത്തെ സിഡോയോട് പ്രതിഫലം കുറക്കണമെന്ന് ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ സിഡോ തയ്യാറായില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അതേ പ്രതിഫലത്തിന് ബ്ലാസ്റ്റേഴ്സ് സിഡോയുമായുളള കരാര്‍ പുതുക്കുകയായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്സ് നിരയില്‍ പുതിയ സീസണില്‍ കളിക്കുമെന്ന് ഉറപ്പായ ആദ്യ വിദേശ താരമായി മാറി സിഡോച.
കേരള ബ്ലാസ്റ്റേഴ്സില്‍ 13 മത്സരമാണ് ഈ മുന്‍ അത്ലറ്റിക്കോ മാഡ്രിഡ് ബി താരം കളിച്ചത്. ബ്ലാസ്റ്റേഴ്സ് മധ്യനിരയില്‍ കളിമെനഞ്ഞ താരം ഒരു ഗോളും നേടിയിരുന്നു. ജംഷഡ്പൂര്‍ എഫ്സിയില്‍ നിന്നാണ് സിഡോയെ കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.
മാഡ്രിഡിലെ എല്‍ എസ്‌കോറിയയില്‍ ജനിച്ച സിഡോന്‍ച , അത് ലറ്റിക്കോ മാഡ്രിഡിന്റെ യുവ ടീമില്‍ കളിച്ചു വളര്‍ന്ന് അവരുടെ സി ടീമിലും, ബി ടീമിലും അംഗമായി. റയല്‍ സാരഗോസാ, അല്‍ബാസെറ്റെ, പൊന്‍ഫെറാഡിന തുടങ്ങിയ സ്പാനിഷ് ക്ലബ്ബ്കള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമംഗമായി തുടരാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ തന്റെ എല്ലാ കഴിവുകളും പുറത്തെടുക്കുമെന്നും സിഡോന്‍ച നേരത്തെ പറഞ്ഞിരുന്നു.