മെസിയുടെ വണ്ടർഗോൾ കണ്ട് വണ്ടറടിച്ച് ഛേത്രി, ട്വിറ്ററിലൂടെ പ്രതികരിച്ച് താരം

Image 3
Champions LeagueFeaturedFootball

ഫുട്ബോൾ ആരാധകരെ മുഴുവൻ വിസ്മയിപ്പിച്ച ഗോളാണ് ഇന്നലെ നാപോളിക്കെതിരെ ബാഴ്സ നായകൻ ലയണൽ മെസി നേടിയത്. മത്സരത്തിൽ താരത്തിന്റെ പ്രകടനം തന്നെയാണ് ഇറ്റാലിയൻ ക്ലബിനെ മറികടന്ന് ക്വാർട്ടർ ഫൈനലിലേക്കു മുന്നേറാൻ ബാഴ്സലോണക്കു പ്രചോദനം നൽകിയതും. മത്സരത്തിൽ താരത്തിന്റെ ഗോൾ കണ്ട് ഇന്ത്യൻ നായകൻ ഛേത്രിയും തന്റെ പ്രതികരണം സാമൂഹ്യ മാധ്യമങ്ങളിൽ വെളിപ്പെടുത്തി.

മത്സരത്തിന്റെ ഇരുപത്തിമൂന്നാം മിനുട്ടിലാണ് മെസി ഗോൾ പിറന്നത്. സുവാരസ് നൽകിയ പാസ് വലതു വിങ്ങിൽ സ്വീകരിച്ച താരം എതിരാളികളെ ഡ്രിബിൾ ചെയ്തു മുന്നോട്ടു കുതിക്കുന്നതിനെ ഫൗൾ ചെയ്യപ്പെട്ടു. എന്നാൽ പെനാൽട്ടിക്കു വേണ്ടി വാദിക്കാതെ എഴുന്നേറ്റ താരം പന്തു നേടിയെടുത്ത് രണ്ടു നാപോളി പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഗോളിക്ക് ഒരവസരവും നൽകാതെ അതു വലയിലേക്ക് എത്തിക്കുകയായിരുന്നു.

ബോഡി ബാലൻസ് നഷ്ടപ്പെട്ട് വീഴാൻ പോകുന്നതിനു മുൻപ് ഏറ്റവും കൃത്യമായി പന്തു വലയിലെത്തിച്ച മെസിയുടെ ഗോൾ പിറന്നയുടനെ ഛേത്രി ട്വിറ്ററിൽ തന്റെ പ്രതികരണം രേഖപ്പെടുത്തി. മെസി എന്നെഴുതി തൊഴുകൈകളുടെ ഇമോജി ആദ്യം ട്വിറ്ററിൽ കുറിച്ച ഛേത്രി കുറേ നാളുകൾക്കു ശേഷം ഒരു മത്സരം ലൈവായി കണ്ടത് വെറുതെയായില്ലെന്നും അതിനു ശേഷം പറഞ്ഞു.

മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബാഴ്സ വിജയം നേടിയത്. ഇതോടെ തുടർച്ചയായ പതിമൂന്നാം സീസണിലാണ് ബാഴ്സ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിലെത്തുന്നത്. എന്നാൽ ബയേണിനെ പോലെ ശക്തമായ ആക്രമണ നിരയുള്ള ടീമിനെതിരെ ബാഴ്സക്കു ക്വാർട്ടറിൽ പിടിച്ചു നിൽക്കാൻ കഴിയുമോയെന്ന സംശയം ബാക്കിയാണ്.