സിറ്റിയെ വേട്ടയാടുക തന്നെയാണ് ലക്ഷ്യം,പെപ്പിന് മുന്നറിയിപ്പുമായി ചെൽസി പരിശീലകൻ

എഫ്എ കപ്പ്‌ സെമി ഫൈനൽ മത്സരത്തിൽ പ്രീമിയർ ലീഗ് ടേബിളിൽ മികച്ച പ്രകടനവുമായി ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനൊരുങ്ങുകയാണ് ചെൽസി. സിറ്റിക്കെതിരെ ഈ സീസണിലെ ആദ്യവിജയം എന്ന ലക്ഷ്യവുമായാണ് തോമസ് ടൂഹലിനു കീഴിൽ ചെൽസി ഇന്നിറങ്ങുന്നത്. സിറ്റിയുമായി 20 പോയിന്റ് വ്യത്യാസവുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് ചെൽസിയുടെ സ്ഥാനം.

ഈ വ്യത്യാസം അധികം വൈകാതെ തന്നെ കുറക്കാനാവുമെന്നാണ് ചെൽസി പരിശീലകൻ ടൂഹലിന്റെ പ്രതീക്ഷ. ഒപ്പം അടുത്ത സീസൺ മുതൽ സിറ്റിയെ പിന്തുടർന്നു വേട്ടയാടുമെന്ന് ടൂഹൽ ഉറപ്പു നൽകുന്നുമുണ്ട്. മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് ടേബിളിലുള്ള അകലം ഞങ്ങൾ സമ്മതിച്ചു കൊടുക്കേണ്ടതുണ്ട്. കഴിഞ്ഞ സീസണിലെയും ഈ സീസണിലെയും ഫിക്സ്ചർ നോക്കിയാൽ നമ്മൾ അത് അംഗീകരിക്കേണ്ടിവരും. പ്രധാനകാര്യം എന്തെന്നാൽ ഞങ്ങൾ അത് അംഗീകരിച്ചത് കൊണ്ട് സ്വയം ചെറുതാവുന്നുമില്ല.”

“അടുത്ത സീസണിലെ ആദ്യ ദിവസം മുതൽ ഞങ്ങൾ അവരെ വേട്ടയാടാൻ തുടങ്ങും. ഞങ്ങൾ അവരുമായുള്ള അകലം കുറച്ചു കൊണ്ടു വരും.” ടൂഹൽ പറഞ്ഞു. കഴിഞ്ഞ 9 മത്സരങ്ങളിൽ ഏഴു പ്രാവശ്യവും ചെൽസിക്കെതിരെ വിജയം പെപ്‌ ഗാർഡിയോളക്ക് തന്നെയായിരുന്നു. ലാംപാർഡ് പരിശീലകനായിരുന്ന സീസണിലെ ആദ്യ ഏറ്റുമുട്ടലിൽ 3-1ന്റെ വിജയം നേടാൻ സിറ്റിക്ക് സാധിച്ചിരുന്നു. ഇത്തവണ അതിലൊരു മാറ്റമുണ്ടാക്കാനാണ് ടൂഹലിന്റെ ലക്ഷ്യം.

You Might Also Like