ആര് വീഴും, ആര് വാഴും? ചാമ്പ്യന്‍സ് ലീഗ് യോഗ്യതക്കായി ചോരചീന്തും പോരാട്ടം

Image 3
EPLFeaturedFootball

ലിവർപൂൾ പ്രീമിയർലീഗ് കിരീടം നേടിയെങ്കിലും ലീഗിൽ ഇനിയും മികവുറ്റ പോരാട്ടങ്ങൾക്കാണ് വേദിയൊരുങ്ങാൻ പോവുന്നത്. രണ്ടാം സ്ഥാനമുറപ്പിച്ച മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ലൈസസ്‌റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നീ വമ്പന്മാർക്ക് ചാമ്പ്യന്‍സ് ലീഗിലേക്കു യോഗ്യത നേടിക്കൊടുക്കുന്ന നിർണായക മത്സരങ്ങളാണ് വരാൻ പോവുന്നത്.

മൂന്നു ടീമുകൾക്കും ഇനി ഒരു മത്സരം മാത്രം ബാക്കി നിൽക്കെ അന്തിമഫലങ്ങൾ ആദ്യ നാലിലാരൊക്കെയുണ്ടാകുമെന്നതിനു നിർണായകമാകും. ഏറ്റവും മികച്ച പോരാട്ടം നടക്കുക യഥാക്രമം മൂന്നും അഞ്ചും സ്ഥാനത്തു തുടരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും ലൈസസ്‌റ്റർ സിറ്റിയും തമ്മിലായിരിക്കുമെന്നു തീർച്ചയാണ്.

ഗോൾവേട്ടയിൽ മുന്നിൽ നിൽക്കുന്ന ലൈസസ്‌റ്ററിന്റെ ജെയ്മി വാർഡിയും പുത്തൻ താരോദയമായ ബ്രൂണോ ഫെർണാണ്ടസും ഈ മത്സരത്തിലെ നിർണായകതാരങ്ങളായി മാറാവുന്ന പ്രതിഭകളാണ് .

പ്രീമിയർ ലീഗിലെ കറുത്തകുതിരകളായ വോൾവർഹാംപ്‌റ്റനെന്ന വൂൾവ്സിനെ നേരിടുന്ന ചെൽസിക്കും ഇത് കടുത്ത പരീക്ഷണമാണ് വരാനിരിക്കുന്നത്. നിർണായക മത്സരത്തിൽ ലിവര്പൂളിനോട് 5-3നു തോറ്റതാണ് ചെൽസിക്ക് വിനയായത്. യുണൈറ്റഡും ലൈസസ്‌റ്ററും പരസ്പരം കൊമ്പുകോർക്കുന്നതിനാൽ ചെൽസിക്ക് സമനില കൊണ്ടുതന്നെ യോഗ്യത നേടാനാവും. എന്നാൽ പരാജയമറിഞ്ഞാൽ ലൈസസ്‌റ്ററിന്റെ തോൽവിക്ക് കാത്തിരിക്കേണ്ടി വരും.

ചെൽസിയെ പോലെ തന്നെ യൂണൈറ്റഡിനും ആദ്യനാലിൽ തുടരാൻ സമനിലയിലൂടെ ഒരു പോയിന്റ് മതിയാകുമെങ്കിലും തോറ്റാൽ വൂൾവ്സിന്റെ അട്ടിമറിവിജയത്തിനു കാത്തിരിക്കേണ്ടി വരും. അഞ്ചാംസ്ഥാനത്തുള്ള ലൈസസ്‌റ്ററിനു യുണൈറ്റഡിനെതിരെ വിജയം അനിവാര്യമാണ്. അഥവാ ചെൽസി തോൽക്കുകയാണെങ്കിൽ യുണൈറ്റഡിതിരെ സമനില കൊണ്ട് തന്നെ യോഗ്യത നേടാനാവും.