ആറു താരങ്ങളെ ഒഴിവാക്കി ജർമനിയിൽ നിന്നും രണ്ടാമത്തെ താരത്തെ റാഞ്ചാൻ ചെൽസി

അടുത്ത സീസണിലേക്കു വേണ്ടി താരങ്ങളെ സ്വന്തമാക്കുന്ന കാര്യത്തിൽ മറ്റു ക്ലബുകളേക്കാൾ ഒരുപടി മുന്നിലാണ് ചെൽസി. ജനുവരിയിൽ തന്നെ അയാക്സ് താരമായ സിയച്ചുമായി കരാറിലെത്തിയ ചെൽസി ആഴ്ചകൾക്കു മുൻപ് ജർമൻ ലീഗിലെ ഗോളടിയന്ത്രമായ ടിമോ വെർണറെയും സ്വന്തമാക്കി. എന്നാൽ അവിടം കൊണ്ടും നിർത്താൻ ചെൽസി ഒരുക്കമല്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇംഗ്ലീഷ് മാധ്യമമായ ഡെയ്ലി മെയിലിന്റെ റിപ്പോർട്ടുകൾ പ്രകാരം ജർമൻ ലീഗിൽ തന്നെ ബയേർ ലെവർകൂസൻ താരമായ കായ് ഹാവേർട്സിനെയാണ് ചെൽസി അടുത്ത ഘട്ടത്തിൽ ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്. ഇതിനു വേണ്ടി ടീമിലെ ആറു താരങ്ങളെ വരെ ചെൽസി വിൽക്കാൻ ഒരുക്കമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മാർകോസ് അലോൺസോയാണ് യുവന്റസ് ഒഴിവാക്കാൻ ശ്രമിക്കുന്ന പ്രധാന താരം. യുവന്റസും ഇന്ററും താരത്തിൽ താൽപര്യമറിയിച്ചിട്ടുണ്ട്. ഇതിനു പുറമേ എമേഴ്സൺ പാൽമേരി, ബാറ്റ്ഷുയി, ബക്കയോക്കോ, കെനഡി എന്നിവരെയും ഫണ്ട് സ്വരൂപിക്കുന്നതിനു വേണ്ടി ചെൽസി ടീമിൽ നിന്നും ഒഴിവാക്കിയേക്കാം.

കഴിഞ്ഞ സീസണിൽ ട്രാൻസ്ഫർ വിലക്കു വന്നത് ചെൽസിക്ക് അനുഗ്രഹമായെന്നു തന്നെ കരുതാം. മറ്റു ക്ലബുകൾ സാമ്പത്തിക പ്രശ്നത്തിൽ നിൽക്കുമ്പോൾ ട്രാൻസ്ഫറുകൾ ചെൽസി നടത്തുന്നത് ഇക്കാരണം കൊണ്ടാണ്. ഇതിനു പുറമേ ഒരു പ്രതിരോധ താരത്തെക്കൂടി ചെൽസി സ്വന്തമാക്കിയേക്കാം.

You Might Also Like