ഹക്കിം സിയെച്ചിനെ കൈമാറാനായില്ല; പിഎസ്ജിക്ക് പണികൊടുത്ത് ചെല്‍സി

പാരിസ്:ചെല്‍സി മുന്നേറ്റതാരം ഹക്കീം സിയെച്ചിന്റെ ട്രാന്‍സ്ഫര്‍ കൈമാറ്റം അവസാനനിമിഷം പരാജയപ്പെട്ടതില്‍ ചെല്‍സിക്കെതിരെ നിലപാട് കടുപ്പിച്ച് പി.എസ്.ജി. കൈമാറ്റവുമായി ബന്ധപ്പെട്ട് ചെല്‍സി വഞ്ചിച്ചെന്ന് ഫ്രഞ്ച് ക്ലബ് ആരോപിച്ചു. ചെല്‍സിയില്‍നിന്ന് മൊറോക്കോക്കാരനെ വായ്പ അടിസ്ഥാനത്തില്‍ സ്വന്തമാക്കാനായിരുന്നു പിഎസ്ജിയുടെ ശ്രമം.


എന്നാല്‍, താരകൈമാറ്റ വിപണിയിലെ അവസാനദിനം കൃത്യസമയത്ത് രേഖകള്‍ ഹാജരാക്കാനായില്ല. സിയെച്ചുമായി ബന്ധപ്പെട്ട രേഖകള്‍ ചെല്‍സി വൈകിപ്പിച്ചെന്നും മൂന്നുതവണ തെറ്റായി നല്‍കിയെന്നും പിഎസ്ജി ആരോപിച്ചു. ഫ്രഞ്ച് ഭരണസമിതിക്ക് ക്ലബ് അപ്പീല്‍ നല്‍കിയെങ്കിലും കാലാവധി അവസാനിച്ചതായി അറിയിച്ച് തള്ളി.
കരാര്‍ ഒപ്പിടാന്‍ മൊറോക്കന്‍താരം പാരിസില്‍ എത്തിയിരുന്നു. അതേസമയം, പിഎസ്ജി ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസ് നോട്ടിങ്ഹാം ഫോറസ്റ്റിലേക്ക് കൂടേറി.

ജനുവരി സീസണില്‍ റെക്കോര്‍ഡ് തുകക്ക് അര്‍ജന്റീനന്‍ യുവതാരം എന്‍സോ ഫെര്‍ണാണ്ടസിനെയടക്കം ടീമിലെത്തിച്ച ചെല്‍സി മുന്നേറ്റനിരയില്‍ പൊളിച്ചെഴുത്തിനാണ് ശ്രമിക്കുന്നത്. ഇതോടെ ടീമില്‍ സിയെച്ചിന്സ്ഥാനമുണ്ടാകില്ലെന്ന് വ്യക്തമായിരുന്നു. താരത്തെ വില്‍ക്കാന്‍ നേരത്തെയും ചെല്‍സി ശ്രമം നടത്തിയെങ്കിലും ഫലംകണ്ടിരുന്നില്ല.

ഷക്തറില്‍ നിന്ന് മിഖായിലോ മുഡ്രിക്, പി.എസ്.വിയില്‍ നിന്ന് നോനി മതുവേക, മൊണോക്കോയില്‍ നിന്ന് ബെനോട്ട് ബഡഷെയ്ല്‍, മാലോഗുസ്ത(ലിയോണ്‍), ആന്‍ട്രെ സാന്റോസ്(വാസ്‌കോഡഗാമ), ഡേവിഡ് ഫൊഫാന(മോള്‍ഡെ), ജാവോ ഫെലിക്‌സ്(അത്‌ലറ്റിക്കോ മാഡ്രിഡ്), ഗബ്രിയേല്‍ സ്ലോനിന(ചിക്കാഗോ ഫയര്‍) എന്നീ താരങ്ങളെയാണ് ജനുവരി ട്രാന്‍സ്ഫറില്‍ ചെല്‍സി ടീമിലെത്തിച്ചത്. എന്നാല്‍ ജോര്‍ജീന്യോയെ ആഴ്‌സനലിന് കൈമാറിയത് മാത്രമാണ് പ്രധാന കൈമാറ്റം.

You Might Also Like