ചെൽസിക്ക് അടിപതറുന്നു, സൂപ്പർതാര ട്രാൻസ്ഫർ നടക്കില്ല

ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിനോടു തോൽവി വഴങ്ങിയത് കനത്ത തിരിച്ചടിയാണു ചെൽസിക്കു സമ്മാനിച്ചത്. നിലവിൽ മൂന്നാം സ്ഥാനത്തു തന്നെ തുടരുന്നുണ്ടെങ്കിലും അടുത്ത മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലൈസ്റ്ററും വിജയം നേടുകയാണെങ്കിൽ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ തന്നെ ഇല്ലാതാകാനുള്ള സാധ്യത വളരെക്കൂടുതലാണ്.

ചാമ്പ്യൻസ് ലീഗിലേക്കുള്ള വാതിലുകൾ ചെൽസിക്കു മുന്നിൽ അടഞ്ഞാൽ ബയേർ ലെവർകൂസൻ താരമായ കായ് ഹാവേർട്സിനെ ടീമിലെത്തിക്കാനുള്ള ചെൽസിയുടെ ശ്രമത്തിനും അതു തിരിച്ചടിയാണ്. ഇരുപത്തിയൊന്നുകാരനായ താരം ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിച്ചില്ലെങ്കിൽ ചെൽസിയിലേക്കുള്ള ട്രാൻസ്ഫർ തള്ളിക്കളയുമെന്നാണ് സ്പോർട് ബിൽഡ് റിപ്പോർട്ടു ചെയ്യുന്നത്.

നൂറു മില്യൺ യൂറോയോളം റിലീസിങ്ങ് ക്ളോസുള്ള താരത്തെ സ്വന്തമാക്കാൻ ചെൽസി ഒരുങ്ങി നിൽക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ലഭിച്ച ട്രാൻസ്ഫർ വിലക്കും ഹസാർഡ് അടക്കമുള്ള താരങ്ങളെ വിറ്റ തുകയും കണക്കാക്കിയാൽ ഇത്തവണ ട്രാൻസ്ഫർ മാർക്കറ്റിൽ ചെൽസിക്ക് വൻതുക മുടക്കാനാകുമെങ്കിലും ഹാവേർട്സ് ട്രാൻസ്ഫർ ചാമ്പ്യൻസ് ലീഗ് യോഗ്യതയെ അടിസ്ഥാനമാക്കി തന്നെയായിരിക്കും.

നിലവിൽ മുപ്പത്തിയഞ്ചു മത്സരങ്ങൾ കളിച്ച് അറുപതു പോയിന്റുമായാണ് ചെൽസി മൂന്നാമതു നിൽക്കുന്നത്. ഒരോ മത്സരം കുറച്ചു കളിച്ച് അൻപത്തിയൊൻപതും അൻപത്തിയെട്ടും പോയിന്റുമായി നാലും അഞ്ചും സ്ഥാനങ്ങളിലാണ് ലൈസ്റ്ററും മാഞ്ചസ്റ്റർ യുണൈറ്റഡും. ഇനി ഏതാനും മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ യൂറോപ്യൻ പോരാട്ടം കനത്ത ചൂടിലേക്കാണു നീങ്ങുന്നത്.

You Might Also Like