ജാവോ ഫെലിക്‌സിനാകുമോ ചെല്‍സിയെ രക്ഷിക്കാന്‍; പ്രതീക്ഷയോടെ ആരാധകര്‍

ലണ്ടന്‍: പ്രീമിയര്‍ലീഗില്‍ തപ്പിത്തടയുന്ന ചെല്‍സി ജനുവരി ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പോര്‍ച്ചുഗല്‍ യുവതാരത്തെ ടീമിലെത്തിച്ച് തിരിച്ചുവരവിനൊരുങ്ങുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജാവോ ഫെലിക്‌സിനെ ലോണില്‍ എത്തിച്ചാണ് പ്രീമിയര്‍ലീഗില്‍ ഗോളടി വരള്‍ച്ചക്ക് പരിഹാരംകാണാന്‍ ശ്രമിക്കുന്നത്. നിലവില്‍ പോയന്റ് പട്ടികയില്‍ പത്താംസ്ഥാനത്താണ് മുന്‍ പ്രീമിയര്‍ലീഗ് ചാമ്പ്യന്‍മാര്‍.


ജാവോ ഫെലിക്‌സിന്റെ കൈമാറ്റത്തില്‍ ചെല്‍സിയും അത്‌ലറ്റികോ മാഡ്രിഡും ചര്‍ച്ചയുടെ അവസാന ഘട്ടത്തില്‍ എത്തിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു. ചെല്‍സിയിലേക്ക് വരുന്നതിന് താരത്തിനും എതിര്‍പ്പില്ലെന്നാണ് റിപ്പോര്‍ട്ട്. ആറു മാസത്തെ ലോണില്‍ ആണ് താരം സ്‌പെയിനില്‍ നിന്ന് ഇംഗ്ലണ്ടില്‍ എത്തുക. സീസണിന് ശേഷം താരത്തെ സ്വന്തമാക്കാനുള്ള സാധ്യത കരാറില്‍ ഉണ്ടായേക്കില്ല എന്നാണ് സൂചന. ലോണ്‍ ഫീ ആയി പത്ത് മില്യണ്‍ യൂറോയോളം ചെല്‍സി മുടക്കേണ്ടതായി വരും. കൂടാതെ താരത്തിന്റെ ഈ കാലയളവിലെ വരുമാനവും ടാക്‌സും അടക്കം ചെല്‍സി നല്‍കും.


നേരത്തെ ആഴ്‌സനലും ഫെലിക്‌സിനെ എത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും അവസാനനിമിഷം പിന്‍മാറുകയായിരുന്നു. മിഹായ്‌ലോ മദ്രെയ്ക്കിനെ ലഭിച്ചില്ലെങ്കില്‍ രണ്ടാം ഓപ്ഷന്‍ എന്നനിലയിലാണ് പോര്‍ച്ചുഗല്‍ താരത്തെ കണ്ടത്. നിലവില്‍ ക്ലബിന്റെ വലിയ പ്രതിസന്ധികാലത്തിലൂടെയാണ് ചെല്‍സി കടന്നുപോകുന്നത്. പുതിയ ഉടമയും മാനേജറും എത്തിയശേഷം പ്രതിഭക്കൊത്ത പ്രകടനം ഇതുവരെ പുറത്തെടുക്കാന്‍ നീലപടക്കായില്ല. എഫ്.എ കപ്പില്‍ ഏകപക്ഷീയമായ നാലുഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റിയോട് പരാജയപ്പെട്ട ചെല്‍സി, പ്രീമിയര്‍ലീഗിലും ദിവസങ്ങള്‍ക്ക് മുന്‍പ് സിറ്റിയോട് തന്നെ തോറ്റിരുന്നു.


പ്രമുഖതാരങ്ങളുടെ പരിക്കാണ് ഇംഗ്ലീഷ് ക്ലബ് നേരിടുന്ന പ്രധാന പ്രതിസന്ധി. മധ്യനിര എഞ്ചിന്‍ എന്‍കോളോ കാന്റെ, വിംഗര്‍ റീല്‍സ് ജെയിംസ്, ബെന്‍ ചി്ല്‍വെല്‍, റൂബെന്‍ ലോഫ്‌റ്റെര്‍ചീക്ക്, വെസ്ലി ഫൊഫാന, റഹിം സ്റ്റെര്‍ലിംഗ് തുടങ്ങിയ താരങ്ങളെല്ലാം പരിക്ക്മൂലം ടീമിന് പുറത്താണ്. മുന്നേറ്റത്തില്‍ ഒബമെയാംഗ്, ഹാവെട്‌സ് ഗോള്‍കണ്ടെത്താത്തും തിരിച്ചടിയാണ്. ഇതോടെയാണ് കഴിഞ്ഞ ഖത്തര്‍ ലോകകപ്പിലടക്കം മികച്ച പ്രകടനം നടത്തിയ ജാവോ ഫെലിക്‌സിനെ ടീമിലെത്തിക്കാന്‍ ഗ്രഹാം പോട്ടര്‍ ശ്രമിക്കുന്നത്. ടീമിന്റെ മുന്നേറ്റത്തില്‍ മൂര്‍ച്ചകൂട്ടുകയാണ് ലക്ഷ്യം. കളി മെനയാനും ഗോളടിക്കാനും ഒരുപോലെ മികവുള്ള താരത്തിന്റെ വരവ് വരാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിലടക്കം ചെല്‍സിക്ക് പ്രതീക്ഷനല്‍കും. അത്‌ലറ്റിക്കോ മാഡ്രിഡില്‍ കോച്ച് സിമിയോണിയുമായി അഭിപ്രായഭിന്നതയുണ്ടായിരുന്ന ഫെലിക്‌സിന് പലപ്പോഴും ആദ്യഇലവനില്‍സ്ഥാനം ലഭിച്ചിരുന്നില്ല.

You Might Also Like