ഇതാ കേരളത്തിന്റെ പുതിയ സൂപ്പര്‍ ഹീറോ, കരുത്തരെ തകര്‍ത്ത് പടയോട്ടം

ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തിന് വിജയതുടക്കം. 3-2 സ്‌കോറിന് ഗോവയെയാണ് വീഴ്ത്തിയത്. നിജോ ഗില്‍ബെര്‍ട്ട്, റിസ്വാന്‍ അലി,ഒ.എം ആസിഫ് എന്നിവര്‍ കേരളത്തിനായി ഗോള്‍സ്‌കോര്‍ ചെയ്തു. കളിതീരാന്‍ മിനറ്റുകള്‍ ബാക്കിനില്‍ക്കെയാണ് പകരക്കാരനായി ഇറങ്ങിയ ആസിഫ് രക്ഷകനായത്. മത്സരത്തില്‍ കേരളം 2-0 മുന്നേറിയെങ്കിലും 12 മിനിറ്റിനിടെ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ഗോവ സമനിലപിടിച്ചിരുന്നു. പെനാല്‍റ്റിയിലൂടെയാണ് നിജോഗില്‍ബെര്‍ട്ട് ആദ്യഗോള്‍നേടിയത്. രണ്ടാംപകുതിയുടെ തുടക്കത്തില്‍ റിസ്വാനലി ലീഡ് രണ്ടാക്കി. രണ്ടാംപകുതിയില്‍ കൂടുതല്‍ അക്രമിച്ച് കളിച്ച ഗോവ പെനാല്‍റ്റിയിലൂടെയാണ് ആദ്യഗോള്‍നേടിയത്. മുഹമ്മദ് ഹഫീസിലൂടെയാണ് ലക്ഷ്യംകണ്ടത്. തൊട്ടുപിന്നാലെ ഇതേതാരത്തിലൂടെ ഗോവ രണ്ടാമതും കേരള വലകുലുക്കി. 12ന് കര്‍ണാടകക്കെതിരെയാണ് അടുത്ത മത്സരം.


പ്രാഥമിക റൗണ്ടില്‍ നേടിയ ഉജ്ജ്വല വിജയങ്ങളുമായാണ് ചാമ്പ്യന്‍മാര്‍ ഭുവനേശ്വറിലേക്ക് വണ്ടികയറിയത്. ആറു ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ കളിക്കുന്നത്. കേരളം ഗ്രൂപ്പ് എയിലാണ്. രണ്ട് ഗ്രൂപ്പ് കളിലേയും മികച്ച രണ്ട് ടീമുകള്‍ സൗദി അറേബ്യയില്‍ മാര്‍ച്ചില്‍ നടക്കുന്ന സെമി ഫൈനലിലേക്ക് യോഗ്യതനേടും. അവസാന മൂന്നില്‍ രണ്ടിലും കിരീടം നേടാനായത് കേരളത്തിന് ആത്മവിശ്വാസം നല്‍കുന്നു. 2017-18, 2021-22 വര്‍ഷങ്ങളിലാണ് ജേതാക്കളായത്.

ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് കളിയില്‍ നിന്ന് 24 ഗോളുകളാണ് കേരളം നേടിയത്. സൗദി അറേബ്യയിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് സെമി, ഫൈനല്‍ മത്സരം നടക്കുക. സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഹോംഗ്രൗണ്ടാണിത്. മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെയാണ് സെമി, ഫൈനല്‍ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് സന്തോഷ് ട്രോഫി ഫൈനല്‍ രാജ്യത്തിന് പുറത്ത് സംഘടിപ്പിക്കുന്നത്.

 

You Might Also Like