റോമയുടെ പരിശീലനഗ്രൗണ്ട് നന്നാക്കുന്നതിനായി കുഴിച്ചു, കണ്ടെത്തിയത് രണ്ടാംലോക മഹായുദ്ധകാലത്തെ ബോംബുകൾ

താരങ്ങൾക്കായുള്ള പരിശീലന ഗ്രൗണ്ട് നന്നാക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു ഇറ്റാലിയൻ വമ്പന്മാരായ എഎസ് റോമ. നന്നാക്കാനായി ground കുഴിച്ചപ്പോൾ കണ്ടത് നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. രണ്ടാം ലോക മഹായുദ്ധകാലത്ത് ഇറ്റലി ഉപയോഗിച്ചിരുന്ന പഴക്കം ചെന്ന ബോംബുകളാണ് ഗ്രൗണ്ട് ടെക്‌നിഷ്യൻമാർ കണ്ടെത്തിയത്.

ഗ്രൗണ്ടിൽ നിന്നും ബോംബുകൾ നീക്കം ചെയ്യുന്നതിനായി റോമ ഇറ്റാലിയൻ കരസേനയുടെ സഹായം തേടുകയും ചെയ്തു. ഫയർ ബ്രിഗേഡ് വിദഗ്ദരുടെ സഹായത്തോടെ ഇരുപതോളം ബോംബുകളാണ് പരിശീലനം ഗ്രൗണ്ടിൽ നിന്നും പുറത്തെടുത്തത്. പുതിയ ഗ്രൗണ്ട് തയ്യാറാക്കാനായി കുഴിച്ച ഗ്രൗണ്ട് ടെക്‌നിഷ്യൻ ഈ സംഭവത്തേക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.

“ഞാനവിടെ പോയത് ഒരു പുതിയ ഗ്രൗണ്ട് നിർമ്മിക്കാനായിരുന്നു. ബോംബിന്റെ അടുത്തുവരെ കുഴിച്ചെത്തുമെന്നു ഞാനൊരിക്കലും വിചാരിച്ചില്ലായിരുന്നു. പെട്ടെന്നാണ് ഇരുമ്പിന്റെ ചില ഭാഗങ്ങൾ പൊന്തി നില്കുന്നതായി എന്റെ ശ്രദ്ധയിൽ പെട്ടത്. യുദ്ധകാര്യങ്ങളിൽ ഞാൻ വിദഗ്ധനല്ലെങ്കിലും അതു ബോംബെയിരിക്കുമെന്ന് എനിക്ക് തോന്നി. അതുകൊണ്ടു തന്നെ ഞാൻ സഹായത്തിനഭ്യർത്ഥിച്ചു. കാരണം ഞാൻ ഒരുപാട് ഭയപ്പെട്ടിരുന്നു.” ടെക്‌നിഷ്യൻ പറഞ്ഞു.

ബോംബുകൾ നീക്കം ചെയ്ത ആർമിക്ക് റോമ ട്വിറ്ററിൽ നന്ദി അറിയിക്കുകയും ചെയ്തു. ” ട്രിഗോറിയയിലെ ട്രെയിനിങ് സെന്ററിൽ നിന്നും രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്തുള്ള ബോംബുകൾ നീക്കം ചെയ്തതിനു ഞങ്ങളുടെ ഭാഗത്തു നിന്നും ഇറ്റാലിയൻ ആർമിക്കും അവരുടെ ബോംബ് സ്‌ക്വാഡിനും വലിയ നന്ദി അറിയിക്കുകയാണ്.” റോമ ട്വിറ്ററിൽ കുറിച്ചു.

You Might Also Like