ബ്ലാസ്‌റ്റേഴ്‌സ് കളിച്ചിട്ടെന്ത് കാര്യം, ജയം തീരുമാനിക്കുന്നത് റഫറിമാരല്ലേ

ഐഎസ്എല്ലില്‍ മുംബൈ എഫ്‌സിയ്‌ക്കെതിരായ നിര്‍ണ്ണായക മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുംബൈ സിറ്റി എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചത്. പതിവ് പോലെ ഒരു ഗോള്‍ നേടിയ ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണയും തോറ്റത്. ബ്ലാസ്റ്റേഴ്‌സിനായി വിസെന്റെ ഗോമസ് (27) ഗോള്‍ നേടിയപ്പോള്‍ മുംബൈയ്ക്കായി ബിപിന്‍ സിങ് (46), ആദം ലെ ഫോണ്ട്രെ (67) എന്നിവര്‍ ഗോള്‍ മടക്കി.

മൂന്ന് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്കെതിരെ ഇറങ്ങിയത്. പ്രതിരോധത്തില്‍ ജെസെല്‍ കര്‍ണെയ്റോയ്ക്ക് പകരം ബകാറി കോനെ എത്തി. സന്ദീപ് സിങ്, ധെനെചന്ദ്ര, കോസ്റ്റ നമിയോന്‍സു എന്നിവരായിരുന്നു പ്രതിരോധത്തിലെ മറ്റുള്ളവര്‍. യുവാന്‍ഡെ, കെ.പ്രശാന്ത്, കെ.പി രാഹുല്‍, വിസെന്റെ് ഗോമെസ് എന്നിവര്‍ മധ്യനിരയില്‍. മുന്നേറ്റത്തില്‍ സഹല്‍ അബ്ദുള്‍ സമദും ജോര്‍ദാന്‍ മറെയും. ഗോള്‍ വലയ്ക്ക് മുന്നില്‍ ആല്‍ബിനോ ഗോമെസ്. ഗാരി ഹൂപ്പര്‍, ജീക്സണ്‍ സിങ് എന്നിവര്‍ ആദ്യ ഇലവനില്‍ ഇറങ്ങിയില്ല.

മുംബൈ മുന്നേറ്റത്തില്‍ ആദം ലെ ഫോണ്ട്രെ, ബിപിന്‍ സിങ് എന്നിവരായിരുന്നു. മധ്യനിരയില്‍ ഹ്യൂഗോ ബൗമുസ്, സി ഗൊദാര്‍ദ്, റൗളിന്‍ ബോര്‍ജസ്, റയ്നിയെര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍. പ്രതിരോധത്തില്‍ മൗര്‍ത്തദ ഫാള്‍, എമെയ് റനവാഡെ, ഹെര്‍ണന്‍ സന്റാന എന്നിവരും ഇറങ്ങി. ഗോള്‍ വലയ്ക്ക് മുന്നില്‍ അമരിന്ദര്‍ സിങും.

ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സുവര്‍ണ്ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് വിനയായി. ഇരു ടീമുകളും ആക്രമണോത്സുക ഫുട്‌ബോള്‍ കാഴ്ച്ചവെച്ചപ്പോള്‍ ഒട്ടേറെ ത്രസിപ്പിക്കുന്ന നീക്കങ്ങളാണ് മത്സരത്തിനുടനീളം അരങ്ങേറിയത്.

27ആം മിനുട്ടില്‍ ആണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ വന്നത്. എന്നാല്‍ അതിനു മുമ്പ് രാഹുലിന്റെ ഒരു ഷോട്ടും മറെയുടെ ഒരു ഗംഭീര സ്‌ട്രൈക്കും അമ്രീന്ദര്‍ തടഞ്ഞു രക്ഷിച്ചു. പിന്നാലെയാണ് വിസെന്റെയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡ് എടുത്തത്. സഹല്‍ അബ്ദുല്‍ സമദിന്റെ കോര്‍ണറില്‍ നിന്ന് ഒരു മനോഹര ഹെഡറിലൂടെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍. സഹലിന്റെ സീസണിലെ രണ്ടാം അസിസ്റ്റായിരുന്നു ഇത്.

ഈ ഗോളിന് ശേഷം സഹലിന്റെ പാസില്‍ നിന്ന് മറെയ്ക്ക് ഒരു അവസരം ലഭിച്ചു. മറെയുടെ ഷോട്ട് അമ്രീന്ദറിന്റെ കയ്യിലും പോസ്റ്റിലും തട്ടിയാണ് മടങ്ങിയത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബിപിന്‍ സിങ് മുംബൈ സിറ്റിക്ക് സമനിക നല്‍കി. ബിപിന്റെ സീസണിലെ രണ്ടാം ഗോളാണിത്. പിന്നാലെ ഒരു പെനാള്‍ട്ടി മുംബൈക്ക് ലീഡും നല്‍കി. കോസ്റ്റ നടത്തിയ പ്രതിരോധം ഫൗളായി വ്യാഖ്യാനിച്ചായിരുന്നു റഫറി പെനാള്‍ട്ടി വിളിച്ചത്.

ലെ ഫോണ്ട്രെ പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ചു. ബ്ലാസ്റ്റേഴ്സ് ആദ്യമാറ്റം വരുത്തി. കോനെയ്ക്ക് പകരം ജീക്സണ്‍ സിങ് എത്തി. പ്രശാന്തിനെ പിന്‍വലിച്ച് ഗാരി ഹൂപ്പറും കളത്തിലെത്തി. തുടര്‍ച്ചയായ ആക്രമണങ്ങള്‍ ബ്ലാസ്റ്റേഴ്സില്‍ നിന്നുണ്ടായി. 83ാം മിനുറ്റില്‍ ഇടത് പാര്‍ശ്വത്തില്‍ നിന്ന് സഹലിന്റെ മികവുറ്റൊരു സെറ്റ് പീസ് ബോക്സിലെത്തി. വലയ്ക്ക് മുന്നില്‍ നിന്ന് കോസ്റ്റ കൃത്യം പന്തില്‍ കണക്ടറ്റ് ചെയ്തെങ്കിലും ഫലമുണ്ടായില്ല. സഹല്‍ മടങ്ങി സെയ്ത്യസെന്‍ സിങ് ഇറങ്ങി. അവസാന മിനിറ്റുകളില്‍ സമനില പിടിക്കാന്‍ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും പരാജയം ഒഴിവാക്കാനായില്ല.

ഈ പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചു. ഇനി അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ നാലില്‍ എത്തൂ.

You Might Also Like