ബ്ലാസ്റ്റേഴ്സിന് നിർണായകം; സമ്മർദ്ദം ഗോവക്ക്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കുന്ന വാശിയേറിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആതിഥേയരായ എഫ്‌സി ഗോവയെ നേരിടും. ഇരുടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. മൂന്നു കളികൾ വീതം കളിച്ച ഇരുടീമുകളും രണ്ട് സമനിലകളും ഓരോ തോല്‍വിയുമാണ് ഇതുവരെ വഴങ്ങിയത്. പോയിന്റ് ടേബിളിൽ നിലവില്‍ ഗോവ എട്ടാം സ്ഥാനത്തും ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്തുമാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ഗോവയിലെ ഫട്ടോര്‍ഡ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.

പോയിന്റ് ടേബിളിൽ എടുത്തുപറയാൻ നേട്ടങ്ങളൊന്നുമില്ലെങ്കിലും കഴിഞ്ഞ സീസണുകളെ അപേക്ഷിച്ചു ഇത്തവണ ഭേദപ്പെട്ട പ്രകടനം വയ്ക്കുന്ന ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജയിച്ചു കയറുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഐഎസ്എല്ലിലെ ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് 1-0 ന്റെ തോൽവി ഏറ്റുവാങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി 2-2 സമനില വഴങ്ങി. എങ്കിലും ഇരുമത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിനായിരുന്നു കളിയിൽ മുൻ‌തൂക്കം. മൂന്നാമത്തെ മത്സരത്തില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയോട് ഗോള്‍രഹിത സമനില നേടിയാണ് ബ്ലാസ്റ്റേഴ്‌സ് ഗോവയ്‌ക്കെതിരേ ഇറങ്ങുന്നത്.

നായകന്‍ സെര്‍ജിയോ സിഡോഞ്ചയുടെ പരിക്കാണ് ഇന്നത്തെ മത്സരത്തിൽ ടീമിന്റെ ഏറ്റവും വലിയ ആശങ്ക. കാല്‍ക്കുഴയ്‌ക്കേറ്റ പരിക്ക് സാരമുള്ളതാണെന്നും സീസണിൽ ഇനിയുള്ള മത്സരങ്ങൾ താരത്തിന് നഷ്ടമായേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അങ്ങനെയെങ്കിൽ താളം കണ്ടെത്തി തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് മധ്യനിരക്ക് സിഡോഞ്ചയുടെ അഭാവം വലിയ തിരിച്ചടിയാണ്. എങ്കിലും ബ്ലാസ്റ്റേഴ്‌സ് ടീമിൽ പൂർണമായ വിശ്വാസമർപ്പിച് പിന്തുണയോടെ ആരാധകർ പിന്നിലുണ്ട്.

ആതിഥേയരായിട്ടും സീസൺ തുടക്കത്തിൽ ഒരു മത്സരം പോലും ഇനിയും ജയിക്കാനാവാത്തത് ഗോവയെ സമ്മർദ്ധത്തിലാക്കുന്നുണ്ട്. ഐഎസ്എലിലെ കരുത്തുറ്റ ടീമുകളിൽ ഒന്നായി എണ്ണപ്പെടുന്ന ഗോവക്കും ഇന്നത്തെ മത്സരം നിർണായകമാണ്.

You Might Also Like