ബ്ലാസ്‌റ്റേഴ്‌സിനെ വഞ്ചിച്ച് കെഎഫ്എയും, അണിയറയില്‍ നടക്കുന്നത് വലിയ കളികള്‍

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സിനെ കൊച്ചിയില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ അണിയറയില്‍ നടക്കുന്നത് വലിയ ഗൂഢാലോചന. കേരള ക്രിക്കറ്റ് അസോസിയേഷനിലേയും കേരള ഫുട്‌ബോള്‍ അസോസിയേഷനിലേയും ചില പ്രമുഖരാണ് മുഖ്യധാര മാധ്യമങ്ങളെ കൂട്ടുപിടിച്ച് തന്ത്രം മെനയുന്നത്. ഇതില്‍ പകച്ചുനില്‍ക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ്. ആരാധക പിന്തുണ മാത്രമാണ് അവര്‍ക്കുളള കൈമുതല്‍.

ഈ ഗൂഢാലോചനയുടെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഹോം ഗ്രൗണ്ടാക്കാന്‍ നീക്കം നടത്തി എന്ന വാര്‍ത്തയാണ് കൊച്ചിയില്‍ തക്കം പാര്‍ത്തിരിന്നവര്‍ക്ക് സുവര്‍ണാവസരം നല്‍കിയത്. കോഴിക്കോട്ടിലേക്ക് എങ്ങനെയെങ്കിലും ഐഎസ്എല്‍ മത്സരം കൊണ്ട് വരണം എന്ന് ആഗ്രഹിച്ചവരുടെ ചില നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. ഇതോടെയാണ് ഒരിടവേളയ്ക്ക് ശേഷം കൊച്ചി സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം വീണ്ടും നടത്തണം എന്ന ആവശ്യം ഉയരാന്‍ കാരണം.

കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സങ്ങള്‍ നടത്തുന്നതിനെ പിന്തുണച്ച് കേരള ഫുട്‌ബോള്‍ അസോസിയേഷനും രംഗത്ത് വന്നതോടെ നേരത്തെ നടക്കാതിരുന്ന നീക്കം എന്ത് വിലകൊടുത്തും നടപ്പിലാക്കമെന്നാണ് കെസിഎ കരുതുന്നത്. ഫിക്‌സ്ചറുകളെ ബാധിക്കാത്ത തരത്തില്‍ ക്രിക്കറ്റും ഫുട്‌ബോളും നടത്തണമെന്നാണ് കെഎഫ്എ പറയുന്നത്.

എന്നാല്‍ കോടികള്‍ മുടക്കി തയ്യാറാക്കിയിരിക്കുന്ന കൊച്ചിയിലെ ടര്‍ഫ് നശിപ്പിച്ച് ക്രിക്കറ്റിന് പിച്ചൊരുക്കിയാല്‍ പിന്നീട് കൊച്ചിയില്‍ ഫുട്‌ബോള്‍ മത്സരം നടക്കുന്നത് കാത്തിരുന്ന് തന്നെ കാണണം. ഫിഫ അണ്ടര്‍ 17 ലോകകപ്പിനായി ഉണ്ടാക്കിയിരിക്കുന്ന ഉന്നത നിലവാരത്തിലുളള ടര്‍ഫാണ് ഇപ്പോള്‍ കൊച്ചിയിലേത്. അത് നശിപ്പിച്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ക്രിക്കറ്റിനായി പിച്ച് തയ്യാറാക്കുന്നതിന് പിന്നിട് കെഎസിഎയിലെ ചിലരുടെ ബിസിനസ് താല്‍പര്യങ്ങളാണ്. തിരുവനന്തപുരത്ത് ഉന്നത നിലവാരത്തിലുളള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഉളളപ്പോഴാണ് കെസിഎ കൊച്ചിക്കായി കടുംപിടിത്തം നടത്തുന്നത് എന്നതാണ് ഏറ്റവും വിചിത്രം.

അതെസമയം സച്ചിന്‍ പവലിയന്‍ എടുത്ത് മാറ്റിയത് ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടിയാകും. നേരത്തെ കൊച്ചിയിലേക്ക് ക്രിക്കറ്റ് കൊണ്ട് വരാന്‍ ശ്രമിച്ചപ്പോള്‍ സച്ചിനായിരുന്നു അത് തടയിട്ടത്. ആ സച്ചിനെ ബ്ലാസ്‌റ്റേഴ്‌സ് അവഹേളിച്ചു എന്ന് പ്രചരിപ്പിക്കാന്‍ കെസിഎയ്ക്ക് ലഭിച്ച ആയുധമായി മാറി സച്ചിന്‍ പവലിയന്‍ എടുത്ത് മാറ്റിയ സംഭവം. ഏതായാലും കളികള്‍ പുരോഗമിക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് കൊച്ചി വിടേണ്ടി വരുമെന്ന് ഏതാണ്ട് ഉറപ്പാണ്. അതിന്റെ സമയം മാത്രമാണ് ഇനി അറിയാനുളളത്.