റാമോസ് മനസു വച്ചിരുന്നെങ്കിൽ മെസിക്കു മുന്നിലെത്താൻ ബെൻസിമക്കു കഴിഞ്ഞേനെ

Image 3
FeaturedFootball

കഴിഞ്ഞ കുറേ സീസണുകളിലായി ലാലിഗയിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന താരത്തിനുള്ള പിച്ചിച്ചി പുരസ്കാരം മെസിയാണു നേടുന്നത്. ഇത്തവണയും ബാഴ്സലോണ നായകൻ തന്നെയാണ് അക്കാര്യത്തിൽ മുന്നിലുള്ളത്. ഇരുപത്തിരണ്ടു ഗോളുകൾ മെസി സ്വന്തമാക്കിയപ്പോൾ പതിനെട്ടു ഗോളുകളുമായി റയൽ സ്ട്രൈക്കർ കരിം ബെൻസിമ മെസിക്കു പിന്നിലുണ്ട്.

ഇത്തവണത്തെ പിച്ചിച്ചി നേടാൻ ബെൻസിമക്ക് ശരിക്കും അവസരമുണ്ടായിരുന്നു എന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ റയലിന്റെ പെനാൽട്ടികൾ എടുക്കുന്നത് ഫ്രഞ്ച് താരമല്ലെന്നതാണ് തിരിച്ചടിയായത്. അതേ സമയം ബാഴ്സക്കു വേണ്ടി പെനാൽട്ടികളിൽ നിന്നും ഗോൾ കണ്ടെത്തിയത് മെസിയെ ടോപ് സ്കോറർ പോരാട്ടത്തിൽ മുന്നിലെത്താൻ സഹായിച്ചു.

റൊണാൾഡോ ടീം വിട്ടതിനു ശേഷം റാമോസാണ് റയലിന്റെ പെനാൽട്ടികൾ സ്ഥിരമായി എടുക്കുന്നത്. ഈ സീസണിൽ പത്തു പെനാൽട്ടി ഗോളുകൾ റാമോസ് നേടിയപ്പോൾ അതിൽ ആറെണ്ണവും ലാലിഗയിലായിരുന്നു. ആ ഗോളുകൾ ബെൻസിമയാണു നേടിയിരുന്നതെങ്കിൽ താരം ഇപ്പോൾ മെസിക്കു രണ്ടു ഗോൾ മുകളിൽ എത്തിയേനെ.

മെസിയുടെ ഇരുപത്തിരണ്ടു ഗോളുകളിൽ അഞ്ചെണ്ണമാണു പെനാൽട്ടികൾ വഴി പിറന്നത്. എന്നാൽ റാമോസിനും റയലിനും പെനാൽട്ടികളിൽ ഈ സീസണിൽ മികച്ച റെക്കോർഡാണുള്ളത്. ഈ സീസണിൽ ലഭിച്ച പത്തു പെനാൽട്ടികളും ഗോളാക്കി മാറ്റിയ റയലിനൊപ്പം യുവന്റസിനു മാത്രമാണ് ഇക്കാര്യത്തിൽ നൂറു ശതമാനം റെക്കോർഡുള്ളത്.